തിരുവനന്തപുരം: വീടുകളിലും ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും 24 മണിക്കൂർ നീരീക്ഷണത്തിനുള്ള പൊലീസിന്റെ 'സിംസ്' പദ്ധതി, സ്വകാര്യകമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തി നിറുത്തിവച്ചതിനു പിന്നാലെ, സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഈ കമ്പനിയുടെ കാമറ സ്ഥാപിക്കണമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ സഹകരണ രജിസ്ട്രാർക്ക് നൽകിയ നിർദ്ദേശം വിവാദമായി.
'സിംസ്' (സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം) പദ്ധതിക്കായി സ്വകാര്യകമ്പനി ഇറക്കുമതി ചെയ്ത, 15 കോടിയുടെ കാമറകൾ വളഞ്ഞ വഴിയിലൂടെ വിൽക്കാനാണ് ഡി. ജി. പി ശ്രമമെന്നാണ് ആക്ഷേപം. പൊലീസ് ആസ്ഥാനത്തിനു പിന്നിലെ വീട്ടിൽ കാമറകൾ കൂട്ടിയിട്ടിരിക്കുന്നതായാണ് വിവരം.
'സിംസ്' പദ്ധതിക്കായി തിരുവനന്തപുരത്തെ ഗാലക്‌സോൺ എന്ന കമ്പനിക്ക് കരാർ നൽകാൻ കെൽട്രോണുമായി ചേർന്നാണ് പൊലീസ് ക്രമക്കേട് കാട്ടിയത്. ഓപ്പൺ ടെൻഡർ വിളിച്ചില്ലെന്ന സി.സി.ടി.വി കാമറാ വിതരണക്കാരുടെ സംഘടനയായ അക്കേഷ്യയുടെ പരാതിക്ക് പിന്നാലെ ഇടപാടിൽ സി.എ.ജി സംശയം ഉന്നയിച്ചതോടെയാണ് കമ്പനിയുടെ വിവരങ്ങൾ പുറത്തായത്. അതോടെ നിറുത്തിയ പദ്ധതി പുതിയ രൂപത്തിലാക്കി, സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നടപ്പാക്കാനാണ് ഡി. ജി. പി ബെഹ്റ ശ്രമിച്ചത്.
വമ്പൻ പദ്ധതി, വിവാദ കമ്പനി
ഗാലക്സോൺ ഭരണത്തിലെ ഉന്നതരുടെ ബിനാമിയെന്ന് പ്രതിപക്ഷം
2017 ജൂലായിൽ10ലക്ഷം രൂപയുടെ മൂലധനവുമായി തുടങ്ങിയ കമ്പനിക്ക് വെബ്സൈറ്റ് നിർമ്മാണത്തിൽ മാത്രമാണു വൈദഗ്ദ്ധ്യം
കിഫ്ബിയിലെ വിവാദ കൺസൾട്ടിംഗ് കമ്പനിയായ ടെറാനസിന്റെയും ഗാലക്‌സോണിന്റെയും വിലാസം വഴുതക്കാട്ട് എം.പി അപ്പൻ റോഡാണ്.
കമ്പനിയുടെ പ്രധാന ഓഹരിയുടമയായ നെയ്യാറ്രിൻകര സ്വദേശി ഹോട്ടൽ ബിസിനസിലായിരുന്നു. തൊഴിലാളി സമരത്തെ തുടർന്ന് സ്ഥാപനം പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |