തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾ പൂർത്തിയായതായും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര,നാവിക, വ്യോമ സേനകളുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണഅതോറിട്ടിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. യോഗത്തിൽ എ.ഡി.എം വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് സഫീർ, കര, വ്യോമ സേനാ വിഭാഗങ്ങളുടേയും കോസ്റ്റ് ഗാർഡിന്റെയും പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കളക്ടറുടെ നിർദ്ദേശങ്ങൾ
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയായി
വോട്ടെടുപ്പു കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒഴിവാക്കിയാണ് ക്യാമ്പുകളുടെ പട്ടിക ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ വൈദ്യുതിയും വെള്ളവും ഭക്ഷണവുമെത്തിക്കാൻ കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടിസിവിൽ സപ്ലൈസ് വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
വെള്ളപ്പൊക്ക സാദ്ധ്യത മുന്നിൽക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോൾ നിരീക്ഷിക്കാൻ കളക്ടർ ഹൈഡ്രോളജി വകുപ്പിന് നിർദ്ദേശം
നെയ്യാർ, കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലെ ജലനിരപ്പാകും അപ്പപ്പോൾ പരിശോധിക്കുക
വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പിന്റെ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടറുകൾ പ്രവർത്തനക്ഷമമാക്കി
പൂവാർ, വേളി പൊഴികളുടെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാക്കും
ഡാമുകളിൽനിന്ന് പരമാവധി ജലം ഒഴുക്കിവിടും
അതിതീവ്ര മഴയുണ്ടാകാനുള്ള സാഹചര്യത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽനിന്നു പരമാവധി ജലം തുറന്നുവിടാൻ നിർദ്ദേശം നൽകി. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയാകണം ഡാമുകൾ തുറക്കേണ്ടത്. രാത്രി ഡാം തുറക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണം.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളിൽ നിലവിൽ 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിന് പത്തു സെന്റിമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തും. നിലവിൽ 84.05 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 84.75 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ.
അരുവിക്കര ഡാമിന്റെ ആറു ഷട്ടറുകളിൽ ഒരെണ്ണം നിലവിൽ 20 സെന്റിമീറ്റർ തുറന്നിട്ടുണ്ട്. നിലവിൽ 46.41 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. 46.6 മീറ്ററാണ് പരമാവധി ജലനിരപ്പ്. പേപ്പാറ ഡാമിൽ നിലവിൽ 106.6 മീറ്ററാണ് ജലനിരപ്പ്. 107.5 മീറ്ററാണു പരമാവധി ജലനിരപ്പ്.
48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകും. കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ,വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം,പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്.
തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
കടലിൽ പോകുന്നതിന് നിരോധനം
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |