ലണ്ടൻ: അവസാന ഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി യു.കെ. ബ്രിട്ടണിലെ ആരോഗ്യസമിതിയായ മെഡിക്കൽ ആന്റ് ഹെൽത്ത്കെയർ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി വാക്‌സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കാം എന്ന് അനുമതി നൽകിയതോടെ കൊവിഡ് വാക്‌സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് യു.കെ.
രണ്ട് കോടി ജനങ്ങളിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ഒരാൾക്ക് രണ്ട് ഡോസ് വാക്‌സിൻ എന്ന കണക്കിന് നാല്‌പത് ദശലക്ഷം ഫൈസർ വാക്‌സിന് രാജ്യം ഓർഡർ നൽകിയിരിക്കുകയാണ്. ഇതിൽ പത്ത് ദശലക്ഷം വാക്‌സിൻ ഉടനെ എത്തും. അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനി ജർമ്മൻ കമ്പനി ബയോ എൻടെക്‌സിയുമായി ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. വിവിധ പ്രായക്കാരിൽ പരീക്ഷണം നടത്തിയെങ്കിലും ആരിലും ഇതുവരെ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം ഓക്‌സ്ഫോർഡ് സർവകലാശാലയും സെറം ഇൻസ്‌റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശിയായ വളണ്ടിയർക്ക് ആരോഗ്യ പ്രശ്‌നമുണ്ടായി എന്ന പരാതിയിൽ അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്. ഈ പരാതിക്കെതിരെ കമ്പനി നൂറ് കോടി രൂപയുടെ മാനനഷ്‌ട കേസ് നൽകിയിരിക്കുകയാണ്. സംഭവത്തിന്റെ പേരിൽ വാക്‌സിൻ പരീക്ഷണം നിർത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |