പറവൂർ: ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കിയതിന്റെ ഞെട്ടലിൽനിന്ന് പറവൂരുകാർ ഇനിയും മുക്തരായിട്ടില്ല . അച്ഛനും അമ്മയും മകനുമടക്കം മൂന്നുപേർ വാടകവീട്ടിൽ ആത്മഹത്യ ചെയ്തതിനുപിന്നിൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പറവൂർ പെരുവാരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുഴുപ്പിള്ളി അയ്യമ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി.എൻ. രാജേഷ് (55), ഭാര്യ നിഷ (49), മകൻ ആനന്ദ് രാജ് (16) എന്നിവരെയാണ് വിഷം കഴിച്ച ആത്മഹത്യ ചെയ്ത നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. രാജേഷിന് മീൻ മൊത്തക്കച്ചവടത്തിൽ പലരിൽനിന്നും പണംകിട്ടാനുണ്ട്. കച്ചവടത്തിലും വായ്പവാങ്ങിയതിലും പണം തിരിച്ചുനൽകാനുമുണ്ട്. ഞായറാഴ്ചയ്ക്കു ശേഷമാണ് ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ചതെന്നാണ് നിഗമനം.
29ന് ഇവർ മകന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. 30ന് വീടു ഒഴിഞ്ഞുകൊടുക്കേണ്ട ദിവസമായിരുന്നു. എട്ടാം തീയതിവരെ നീട്ടിച്ചോദിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വീട്ടിൽനിന്നും മാറ്റേണ്ട വീട്ടുപകരണങ്ങൾ അടുക്കികെട്ടിവെച്ചിട്ടുണ്ട്. മാറിത്താമസിക്കാൻ വീട് കിട്ടാത്തതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്. പൊടിരൂപത്തിലുള്ള വിഷം ശീതളപാനിയത്തിൽ കലർത്തിയാണ് കഴിച്ചിട്ടുള്ളത്. എന്തു വിഷമാണെന്ന കണ്ടെത്താൻ സാമ്പിൾ സയന്റിഫിക്ക് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടർ ട്യൂബിന്റെ ഭാഗംവരെ അറുത്തെടുത്ത് മുറിയിൽ കൊണ്ടുവന്ന് റെഗുലേറ്റർ പകുതി തുറന്നനിലയിലായിരുന്നു. മുറിയിൽ ഡീസലും ഒഴിച്ചിട്ടുണ്ടായിരുന്നു.
വീടിന്റെ വാടകക്കരാർ മകന്റെ ദേഹത്ത് വെച്ചിട്ടുണ്ട്. മുറിയിൽനിന്നും മറ്റൊരുകത്തും പൊലീസിന് ലഭിച്ചു. മൃതദേഹം ആശുപത്രിയിൽനിന്നും ആരെയും കാണിക്കാതെ സംസ്കരിക്കണമെന്നുണ്ടായിരുന്നു. വീട്ടുടമയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് കടുത്ത ഭാഷയിലാണ് കത്തിൽ പ്രതികരിച്ചിട്ടുള്ളത്. തുക കിട്ടാനുള്ളതോ ബാദ്ധ്യതയേക്കുറിച്ചോ കത്തിലില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കും ഇൻക്വസിറ്റിനും ശേഷം കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനു ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |