പത്തനംതിട്ട: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പര്യടനം എൻ.ഡി.എയ്ക്ക് ആവേശമായി. കൊടുമണ്ണിൽ തുടങ്ങി അയിരൂരിൽ അവസാനിച്ച പ്രചാരണ പരിപാടികളിൽ കുടുംബസംഗമം, എൻ.ഡി.എ കൺവെൻഷനുകൾ എന്നിവയിലാണ് തുഷാർ പങ്കെടുത്തത്. പ്രസ് ക്ളബിന്റെ തദ്ദേശം 2020 സംവാദത്തിൽ പങ്കെടുത്ത് എൻ.ഡി.എയുടെയും ബി.ഡി.ജെ.എസിന്റെയും നിലപാടുകൾ വ്യക്തമാക്കി.
കൊടുമൺ, കോഴഞ്ചേരി, പുളിക്കീഴ്, റാന്നി ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ്, ബി.ജെ.പി സ്ഥാനാർത്ഥികൾക്കു വേണ്ടിയും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. കുടുംബസംഗമങ്ങളിൽ വലിയ ജനപങ്കാളിത്തമുണ്ടായി.
സംസ്ഥാനത്ത് ത്രിതല സ്ഥാപനങ്ങളിൽ എൻ.ഡി.എ മുന്നേറുമെന്ന് തുഷാർ വെള്ളാപ്പള്ളി യോഗങ്ങളിൽ പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലധികം ജനപ്രതിനിധികളുണ്ടാകും. പല പഞ്ചായത്തുകളും എൻ.ഡി.എ ഭരിക്കും. ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കും. ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ പ്രധാന ഘടകകക്ഷിയായതോടെയാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വോട്ട് കുതിച്ചുയർന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും അതാവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പദ്മകുമാർ, ജില്ലാ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ്, നേതാക്കളായ ടി.പി സുന്ദരേശൻ, പി.സി.ഹരി തുടങ്ങിയവർ തുഷാറിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |