വടകര: ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു.ഡി.എഫിലെ പോരു മുറുകി . ആർ.എം.പി.ഐ യു.ഡി.എഫുമായി ചേർന്ന് ജനകീയ മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെയാണ് കോൺഗ്രസിലെ തൊഴുത്തിൽക്കുത്ത് കരുത്താർജിക്കുന്നത്. വടകര എം.പി കെ.മുരളീധരൻ മേഖലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് വരില്ലെന്ന് ആവർത്തിക്കുകയാണ്. ഇതോടെ കഴിഞ്ഞതവണ 250 വോട്ടിന് നഷ്ടമായ ഡിവിഷൻ തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടത് മുന്നണി. 6 വാർഡുകളിലായി കിടക്കുന്ന ബ്ലോക്ക് ഡിവിഷനിൽ 6 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആർ.എം.പി.ഐയുടെ സി. സുഗതനെ ജനകീയ മുന്നണിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിലെ കെ.പി ജയകുമാർ മത്സരരംഗത്തെത്തുന്നത്. ബി.ജെ.പിയുടെ വി.പി സുരേഷും സ്വതന്ത്രരായി പി.കെ ബാലൻ, വി.എം സുഗതയും രംഗത്തുണ്ട്. മുന്നണി ധാരണ കൈവിടാതിരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിലും പ്രചരണവുമായി സ്ഥാനാർത്ഥി ഉറച്ചു നില്പാണ്. അതെസമയം കല്ലാമല ഡിവിഷനിൽ കോൺഗ്രസ് വിവാദം നിലനില്ക്കുന്ന മേഖലയിൽ ജനകീയ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഇന്ന് കെ.മുരളീധരൻ എം.പി കുഞ്ഞിപ്പള്ളി ടൗണിൽ എത്തും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ജനകീയ മുന്നണി സ്ഥനാർത്ഥി സംഗമത്തിൽ പങ്കെടുക്കും. യു.ഡി.എഫ് , ആർ.എം.പി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.