പി.സി. ജോർജിനെ ശാസിച്ചു
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു മന്ത്രിയെയും നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി ശിക്ഷിച്ചിട്ടില്ല. ശിക്ഷയ്ക്ക് ആധാരമാകുന്ന ഒരു പരാതിയും ഒരു മന്ത്രിക്കെതിരെയും സമിതി മുമ്പാകെ എത്തിയിട്ടുമില്ല. പത്രാധിപന്മാരായ രണ്ടുപേരെ സമിതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗങ്ങളിൽ സമിതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് പൂഞ്ഞാർ അംഗം പി.സി. ജോർജ് മാത്രം.
കെ.ആർ.ഗൗരി അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് മുൻസർക്കാരിന്റെ കാലത്ത് ജോർജിനെ ശാസിച്ചത്. ശാസനാ പ്രമേയം സ്പീക്കർ സഭാതലത്തിൽ വായിച്ച് അംഗീകരിക്കുകയായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് പ്രിവിലേജസ് കമ്മിറ്റി അംഗമായിരുന്ന ജോർജിനെ പുന:സംഘടിപ്പിച്ചപ്പോൾ ഒഴിവാക്കിയത്, കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരിൽ.
ഉദ്യോഗസ്ഥർക്കെതിരെ പലപ്പോഴും സമിതി മുമ്പാകെ അവകാശലംഘന പരാതികൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവരെല്ലാം മാപ്പ് പറഞ്ഞ് തടിയൂരി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അവകാശലംഘന നോട്ടീസുകൾ വരാറുണ്ടെങ്കിലും സ്പീക്കർ അവരോട് വിശദീകരണം തേടി നടപടി അവസാനിപ്പിക്കുന്നതാണ് പതിവ്.
പ്രിവിലേജസ് കമ്മിറ്റി ആദ്യമായി അവകാശലംഘനത്തിന് ശിക്ഷിച്ചത് തനിനിറം പത്രാധിപരായിരുന്ന കലാനിലയം കൃഷ്ണൻ നായരെയാണ്. എഴുപതുകളുടെ ആദ്യം ഇന്ത്യാ- പാക് യുദ്ധം നടക്കവേ, സഭയിൽ വന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടെഴുതിയ മുഖപ്രസംഗമാണ് ശിക്ഷയ്ക്കാധാരമായത്. സ്പീക്കറുടെ കൂറെവിടെ എന്ന പേരിലെഴുതിയ മുഖപ്രസംഗം അന്നത്തെ സ്പീക്കർ മൊയ്തീൻകുട്ടി ഹാജിയെ അധിക്ഷേപിക്കുന്നതാണെന്ന പരാതിയിൽ കൃഷ്ണൻനായരെ സഭയിൽ വിളിച്ചുവരുത്തി കൂട്ടിൽ നിറുത്തി പരസ്യമായി ശാസിച്ചു. 'തനിനിറം പത്രാധിപർ നിയമസഭയിൽ' എന്ന തലക്കെട്ടിൽ വാർത്ത നൽകിയായിരുന്നു അടുത്ത ദിവസം കൃഷ്ണൻനായരുടെ മറുപടി.
പാലക്കാട് എം.എൽ.എയായിരുന്ന സി.എം.സുന്ദരത്തെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ പാലക്കാട്ടുകാരനായ എം.വി. ചെറൂസിനെയാണ് പിന്നീട് സഭ ശിക്ഷിച്ചത്. എൺപതുകളിൽ ചെറൂസ് പത്രാധിപരായുള്ള സായാഹ്ന പത്രത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങളുന്നയിച്ചതിന് എം.എൽ.എയെ കൈയേറ്റം ചെയ്തെന്നായിരുന്നു ആക്ഷേപം. സാക്ഷി മൊഴികളില്ലായിരുന്നെങ്കിലും എം.എൽ.എയുടെ വാദം കണക്കിലെടുത്ത് കൂട്ടിൽ നിറുത്തി ശാസിച്ചു.
ലോക്‌സഭാ ചരിത്രത്തിൽ പ്രിവിലേജസ് കമ്മിറ്റിയുടെ നടപടി ഇന്നും പ്രസക്തമായി നിൽക്കുന്നു. അത് ഇന്ദിരാഗാന്ധിയെ പുറത്താക്കാനും ശിക്ഷിക്കാനും തീരുമാനിച്ചതിലൂടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |