മാള: പൊലീസ് സംരക്ഷണയിൽ പദവിയിലിരുന്ന് ചരിത്രത്തിൽ ഇടം നേടിയ മാളയിലെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാവയുടെ മനസിൽ നിറയുന്നത് കാൽ നൂറ്റാണ്ടിന്റെ ഓർമ്മകൾ. ത്രിതല പഞ്ചായത്ത് രാജ് നിയമപ്രകാരം ജനകീയാസൂത്രണം നിലവിൽ വന്നപ്പോൾ മാളയിൽ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയ സുഹറ ബാവയ്ക്ക് നേരിടേണ്ടി വന്നത് തീവ്രപ്രതികാരം.
എൽ.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് അംഗമായി പ്രസിഡന്റ് പദവിയിലെത്തി ധാരണ പ്രകാരം 20 മാസം കഴിഞ്ഞപ്പോൾ രാജിവച്ചു. തുടർന്ന് സി.പി.എം പ്രതിനിധിയായ ലീലാമണി പ്രസന്നന് പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു ധാരണ. 1997ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീലാമണി പ്രസന്നനെതിരെ മത്സരിച്ച സുഹറ ബാവ നാടകീയമായി യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചു. ആകെയുള്ള 12 അംഗങ്ങളിൽ സുഹറ ബാവ അടക്കം എൽ.ഡി.എഫിന് ഏഴ് അംഗങ്ങളും യു.ഡി.എഫ് പക്ഷത്ത് അഞ്ച് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സുഹറ ബാവ യു.ഡി.എഫ് പക്ഷത്ത് എത്തിയപ്പോൾ അംഗ ബലം തുല്യതയിലായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് സി.പി.എം സ്ഥാനാർത്ഥിയെ ഒരു വോട്ടിന് പരാജയപ്പെടുത്തി സുഹറ ബാവ കൂറുമാറി പ്രസിഡന്റ് ആയതോടെ പ്രശ്‌നങ്ങൾ തുടങ്ങി.
സുഹറയുടെ വീടിനു നേരെ ആക്രമണങ്ങളും ഭീഷണികളും അരങ്ങേറിയതോടെ കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം തേടേണ്ടിവന്നു. കോടതി നിർദേശപ്രകാരം ജില്ലാ കളക്ടറാണ് അന്ന് പൊലീസിന്റെ സേവനം നൽകിയത്. പിന്നീട് രണ്ട് വർഷത്തോളം സുഹറ ബാവയുടെ സംരക്ഷണത്തിനായി വീട്ടിലും ഓഫീസിലും അടക്കം പൊലീസിന്റെ സേവനം ലഭിച്ചു. അന്ന് യു.ഡി.എഫ് പക്ഷത്തെത്തിയ സുഹറ ഇന്ന് അറുപത്തിയേഴാം വയസിലും സജീവമാണ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡി.സി.സി മെമ്പർ, മാള വനിതാ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ഭരണത്തിന് നേതൃത്വം നൽകിയപ്പോൾ വലിയ പരീക്ഷണങ്ങളാണ് നേരിട്ടത്. അന്ന് ശത്രുക്കളായിരുന്ന എൽ.ഡി.എഫും എതിരെ മത്സരിച്ചവരും ഇന്ന് നല്ല ബന്ധത്തിലാണ്. നെയ്തക്കുടി വാർഡിൽ എതിരാളിക്ക് കെട്ടിവച്ച പണം പോലും കിട്ടാത്ത വിധം വലിയ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയിച്ചത്. രണ്ടാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കി സഹായിച്ച എൽ.ഡി.എഫിലെ മെമ്പർ ആരാണെന്ന് പോലും അറിയില്ല. യു.ഡി.എഫ് പക്ഷത്ത് എത്തുന്നതിന് മുൻപ് അന്നത്തെ മന്ത്രി വി.കെ. രാജൻ അടക്കമുള്ളവരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്.
- സുഹറ ബാവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |