തിരുവനന്തപുരം: ചുവപ്പുനാടയുടെ 23 വർഷം നീണ്ട കുരുക്കിൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ കാസർകോട് കളക്‌ടറേറ്രിനു മുന്നിൽ 13 അടി ഉയരമുള്ള വെങ്കലശില്പം ഉയർന്നു. സംസ്ഥാനത്ത് ഇത്രയും ഉയരമുള്ള ഗാന്ധിജിയുടെ പൂർണകായ വെങ്കല പ്രതിമ മറ്റെങ്ങുമില്ല.
1997ൽ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസർകോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അന്നത്തെ ഉദുമ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണനാണ് ആശയം അവതരിപ്പിച്ചത്.
നടപടികൾ തുടങ്ങിയെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി. രണ്ടുവർഷം മുമ്പ് ജില്ലാ കളക്ടറായെത്തിയ തിരുവനന്തപുരം സ്വദേശി ഡോ.ഡി.സജിത്ത് ബാബു കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ തുടങ്ങിയതോടെ ഒരുവർഷം മുമ്പാണ് ഇതു കണ്ണിൽപ്പെട്ടത്.
നടപടികൾ പൂർത്തിയാക്കി ടെൻഡർ വിളിച്ചു. 2019 നവംബറിൽ 22 ലക്ഷം രൂപയ്ക്ക് കരാർ സമർപ്പിച്ച ശില്പി ഉണ്ണി കാനായിക്ക് നിർമ്മാണച്ചുമതല നൽകി. രണ്ടുവർഷത്തിനിടെ 59731 ഫയലുകൾ തീർപ്പാക്കിയ സജിത്ത് ബാബുവിന് പ്രധാനമന്ത്രിയുടെ പുരസ്കാരവും ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയ്ക്കു മുന്നിലായിരിക്കണം ആഘോഷം എന്നു തീരുമാനിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും അന്ന് അവിടെ ഗാന്ധിജിയുടെ പ്രതിമ ഉണ്ടായിരിക്കണമെന്ന തീരുമാനം മാറ്റിയില്ല. അതേ ആകാരത്തിലും വലിപ്പത്തിലുമുള്ള ഫൈബർ പ്രതിമ സ്ഥാപിച്ചു. വിവാദമായെങ്കിലും വെങ്കല പ്രതിമ എത്തുംവരെ മാത്രമാണിതെന്ന് കളക്ടർ വിശദീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആഘോഷവും ആർഭാടവും ഇല്ലാതെ വെങ്കല പ്രതിമ നാലടി ഉയരത്തിലുള്ള ഗ്രാനൈറ്റ് പീഠത്തിൽ സ്ഥാപിച്ചു. വടിയും കുത്തി മുന്നോട്ട് നീങ്ങുന്ന ഗാന്ധി ശില്പത്തിന് ആയിരം കിലോ തൂക്കമുണ്ട്.
'23വർഷം മുമ്പ് എടുത്ത തീരുമാനം വൈകിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്.'
-ഡോ.ഡി.സജിത്ത് ബാബു
കാസർകോട് ജില്ലാ കളക്ടർ
'കൊവിഡ് പ്രതിസന്ധിയെയും മറ്റും അതിജീവിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയത് കളക്ടർ ഉൾപ്പെടെയുള്ളവരുടെ പിന്തുണകൊണ്ടാണ് '
-ഉണ്ണി കാനായി
ശില്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |