ആലപ്പുഴ: ഗർഭിണിയായ പശുവിനെ മോഷ്ടിച്ച ശേഷം കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റ സംഘം പൊലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി കാക്കാഴം കമ്പിവളപ്പില്‍ അനിഷ് , ആലപ്പുഴ വെള്ളക്കിണര്‍ തപാല്‍ പറമ്പിൽ കബീ, കാക്കാഴം പുതുവല്‍ വീട്ടില്‍ ഹാരിസ് എന്നിവരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് വഴിച്ചേരി ചാവടി വീട്ടില്‍ നിന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നൗഷാദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിക്ക്, ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവല്‍ വീട്ടില്‍ അന്‍സില്‍, കാക്കാഴം കമ്പിവളപ്പില്‍ ദേവന് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഏകദേശം ഒരാഴ്ച മുമ്പ് പുലര്‍ച്ചെയായിരുന്നു പ്രതികള്‍ പശുവിനെ മോഷ്ടിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് പത്തില്‍ച്ചിറ വീട്ടില്‍ കുഞ്ഞുമോന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ജഴ്സി ഇനത്തില്‍പ്പെട്ട എട്ടു മാസം ഗര്‍ഭിണിയായ പശുവിനെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ആരുമറിയാതെ അഴിച്ചുകൊണ്ടു പോന്നത്.
ശേഷം പശുവിനെ ഇവർ അനീഷിന്റെ പുറക്കാടുള്ള അറവുശാലയില്‍ എത്തിച്ച് കശാപ്പ് ചെയ്ത് വിൽക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് 25,000 രൂപക്കാണ് കുഞ്ഞുമോന് പശുവിനെ വിലക്കു വാങ്ങിയത്. കാറിലെത്തിയ ഇവര്‍ വഴിവിളക്കുകള്‍ അണച്ച ശേഷമാണ് പശുവിനെ കടത്തികൊണ്ടു പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |