കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്നലെ പവന് 600 രൂപ ഉയർന്ന് വില 36,720 രൂപയായി. 75 രൂപ ഉയർന്ന് 4,590 രൂപയാണ് ഗ്രാം വില. നവംബറിൽ പവൻ വില 3,000 രൂപയോളം താഴേക്കിറങ്ങിയിരുന്നു; ഗ്രാമിന് 400 രൂപയോളവും കുറഞ്ഞിരുന്നു.
കൊവിഡ് കാലത്ത് ഓഹരി-കടപ്പത്ര വിപണികളുടെ തകർച്ചയെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. പവന് ആഗസ്‌റ്റിൽ വില റെക്കാഡായ 42,000 രൂപയിലെത്തി. അന്താരാഷ്‌ട്ര വില 2,000 ഡോളറും കടന്നിരുന്നു. എന്നാൽ, കൊവിഡ് വാക്‌സിൻ സജ്ജമാകുന്ന വാർത്തകളാണ് തുടർന്നുള്ള ഇടിവിന് കാരണമായത്.
കേരളത്തിൽ പവൻ വില 35,000 രൂപ നിരക്കിലേക്ക് താഴ്‌ന്നു. അന്താരാഷ്‌ട്രവില ഔൺസിന് 1,700 നിരക്കിലേക്കും ഇറങ്ങി. എന്നാൽ, ഇപ്പോൾ ഏഷ്യൻ വിപണികളിൽ ഡിമാൻഡ് വീണ്ടും കൂടുന്നത് വില തിരിച്ചുകയറാൻ കാരണം. 1,832 ഡോളറിലായിരുന്നു ഇന്നലെ അന്താരാഷ്‌ട്ര വ്യാപാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |