കർഷകർ നടത്തുന്ന സമരം വാർത്തകളിൽ നിറയുമ്പോൾ കർഷക സമരം
വിഷയമാക്കി നാലരപ്പതിറ്റാണ്ട് മുൻപ് എസ്.എൽ.പുരത്തിന്റെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത
ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഭൂമിദേവിക്ക് മുന്നിൽ തല കുനിക്കുന്നവർ മറ്റാരുടെയും മുന്നിൽ തല കുനിക്കേണ്ടിവരില്ല.
രാജ്യത്ത് വീണ്ടും ഒരു കർഷക സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ അധികാരി വർഗത്തിന്റെ മുഷ്കിന്റെ മുനയൊടിച്ച കർഷകപ്പോരാട്ടത്തിന്റെ കഥ പറഞ്ഞ ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രം മുന്നോട്ടുവച്ച രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ്.
നാലരപ്പതിറ്റാണ്ട് മുൻപ് എസ്.എൽപുരത്തിന്റെ രചനയിൽ ഹരിഹരൻ ഒരുക്കിയ ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിന്റെ പ്രമേയവും സംഭാഷണങ്ങളും കാലാതിവർത്തിയായി നിലകൊള്ളുന്നു.സേതുമാധവനും (പ്രേംനസീർ) ജഗദീഷും (മധു) ഒരുമിച്ച് പഠിച്ചവരാണ്. അച്ഛനമ്മമാർ തന്റെ ചെറുബാല്യത്തിലേ നഷ്ടമായ സേതു ഗത്യന്തരമില്ലാതെ പഠിപ്പ് നിറുത്തി.
താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് വാടക കുടിശ്ശിക വരുത്തിയതിന് പുറത്താക്കപ്പെട്ട സേതുവിനെ ജഗദീഷ് വീണ്ടും കണ്ടുമുട്ടി. ധനാഢ്യനായ ജഗദീഷ് സേതുവിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.സേതുവിന്റെ അച്ഛൻ മേനോൻ (അടൂർഭാസി) ഒരു മുഴുക്കുടിയനാണ്. അമ്മ ഭാനുമതി (സുകുമാരി) സേതു ആ വീട്ടിലേക്ക് വന്നത് അത്ര ഇഷ്ടമായില്ല.മദ്യലഹരിയിൽ മേനോൻ തന്റെ പേഴ്സ് സേതുവിന്റെ പെട്ടിയിൽ മറന്ന് വച്ചു. സേതു പണം മോഷ്ടിച്ചുവെന്ന് ഭാനു ആരോപിച്ചു. സത്യമറിയാതെ ജഗദീഷ് കൂട്ടുകാരനെ വീട്ടിൽ നിന്ന് പുറത്താക്കി.
നാടുവിട്ട് പോയ സേതു ഒരു ചെറിയ ജോലി തരപ്പെടുത്തി. മീനാക്ഷിയമ്മ (കെ.പി.എ.സി. ലളിത)യുടെ വീട്ടിൽ സേതു വാടകക്കാരനായെത്തി. മീനാക്ഷിയമ്മയുടെ മകൾ ഇന്ദുവും (ജയഭാരതി)യുമായി സേതു അടുത്തു. അവർ വിവാഹിതരായി.
വർഷങ്ങൾക്ക് ശേഷം ജഗദീഷ് കളക്ടറായപ്പോൾ ശിപ്പായിയായെത്തിയത് സേതുവായിരുന്നു. പഴയ കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ ചെയ്തുപോയ തെറ്റിന് മാപ്പിരന്നു. ജഗദീഷ് സേതുവിനെയും ഭാര്യയെയും വീട്ടിലേക്ക് ക്ഷണിച്ചു. ജഗദീഷ് വീട്ടിലില്ലാത്ത നേരത്ത് അവിടെയെത്തിയ സേതുവിനെയും ഭാര്യയെയും ജഗദീഷിന്റെ ഭാര്യ ജയ (വിധുബാല) അപമാനിച്ചിറക്കിവിട്ടു. ജയയും ഇന്ദുവും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിച്ചിരുന്നവരും. വിവരമറിഞ്ഞ ജഗദീഷ് ഭാര്യയെ തല്ലി. അവൾ പിണങ്ങിപ്പോയി. ധനാഢ്യനായ മാധവമേനോന്റെ മകളായിരുന്നു ഇന്ദു. പലർക്കും പണം കടം നൽകി മുദ്രപത്രത്തിൽ ഒപ്പിട്ട് വാങ്ങി അവരുടെ സ്വത്ത് കൈക്കലാക്കുന്ന ക്രൂരനായിരുന്നു മാധവമേനോൻ.
തന്നെയും ഭാര്യയെയും ജഗദീഷിന്റെ ഭാര്യ അപമാനിച്ചതിൽ പ്രതിഷേധിച്ച് സേതു തന്റെ ജോലി രാജി വച്ചു. ഭാര്യാപിതാവിന്റെ ദൂരദേശത്തുള്ള ഒരു തരിശ് ഭൂമിയിലേക്കായിരുന്നു സേതുവും ഭാര്യയും പലായനം ചെയ്തത്.തരിശായി കിടക്കുന്ന ഭൂമിയിൽ കനകം വിളയിക്കാൻ അവിടെ അയാൾ കർഷകരുടെ കൂട്ടായ്മ സൃഷ്ടിച്ചു. തന്റെ വയലുകളിൽ കൊയ്യാൻ തൊഴിലാളികളെ കിട്ടാത്തത് മാധവമേനോനെ പ്രകോപിപ്പിച്ചു. കർഷക കൂട്ടായ്മയ്ക്ക് തുരങ്കം വയ്ക്കാൻ മാധവമേനോൻ പല കുത്സിത പ്രവൃത്തികളും ചെയ്തു.കളക്ടർ കർഷകർക്കൊപ്പമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാധവമേനോൻ തീരുമാനിച്ചു. മാധവ മേനോന്റെ എതിർ സ്ഥാനാർത്ഥിയായി സേതു പത്രിക സമർപ്പിച്ചു.കർഷകരുടെ പ്രചരണവും ഐക്യവും മാധവ മേനോന്റെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചു. സേതുവിനെ വകവരുത്താൻ തന്നെ അയാൾ പദ്ധതിയിട്ടു.പക്ഷേ, ദൈവകൃപ കൊണ്ട് സേതു രക്ഷപ്പെട്ടു.മാധവമേനോന്റെ ദുഷ് ചെയ്തികൾ അയാൾക്ക് തന്നെ തിരിച്ചടിയായി.
തിരഞ്ഞെടുപ്പിൽ മാധവമേനോന്റെ ആന ചിഹ്നത്തെ സേതുവിന്റെ കുതിര മലർത്തിയടിച്ചു. ഗോലിയാത്തിന് മേൽ കാലത്തിന്റെ കാവ്യ നീതി പോലെ ദാവീദ് നേടിയ വിജയം.അസംബ്ളി ആണുങ്ങൾക്കുള്ളതാണെന്ന് പറഞ്ഞ പണംകൊണ്ട് എന്തിനെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതിയ മാധവ മേനോനെന്ന ഗോലിയാത്തിന് കരണമടച്ച് കിട്ടിയ കനത്ത പ്രഹരമായിരുന്നു അത്.കുന്ദമംഗലം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടിന്റെ മഹാ ഭൂരിപക്ഷത്തിലാണ് മാധവമേനോനെ സേതുമാധവൻ പരാജയപ്പെടുത്തിയത്.
വൻവിജയം നേടിയ സേതു കൃഷിവകുപ്പ് മന്ത്രിയായി അവരോധിക്കപ്പെട്ടു.പാടത്തും പറമ്പത്തും അത്യദ്ധ്വാനം ചെയ്യുന്ന കർഷകനാണ്. വിതയ്ക്കുന്നവനാണ് കൊയ്യാനും അവകാശമെന്ന സത്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ഭൂമിദേവി പുഷ്പിണിയായി നിർമ്മിച്ചത് തിരുമേനി പിക്ചേഴ്സാണ്.വയലാർ ദേവരാജൻ ടീം ഈണമിട്ട സൂപ്പർഹിറ്റ് ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |