വാഷിംഗ്ടൺ: ഇന്ത്യൻ വംശജയും 15കാരിയുമായ ഗീതാഞ്ജലി റാവുവിന് ടൈം മാസികയുടെ ആദ്യ കിഡ് ഒഫ് ദ ഇയർ ബഹുമതി. ആധുനികജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹരിക്കാമെന്ന് തെളിയിച്ചതിനാണ് പുരസ്കാരം. മലിനജലം ശുദ്ധീകരിക്കാനും സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും മയക്കുമരുന്നിൽ നിന്ന് മോചനം നേടാനും തുടങ്ങി പല പ്രശ്നങ്ങൾക്കും ഈ കൊച്ചുമിടുക്കി തന്റേതായ പരിഹാരമാർഗം കണ്ടെത്തി.
അയ്യായിരം പേരിൽ നിന്നാണ് ഇന്ത്യൻ - അമേരിക്കനായ ഗീതാഞ്ജലി തിരഞ്ഞെടുക്കപ്പെട്ടത്. ടൈമിന് വേണ്ടി ഹോളിവുഡ് നടി ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയുമായി പ്രത്യേക അഭിമുഖം നടത്തിയത്.
ഗീതാഞ്ജലിയാണ് ടൈമിന്റെ പുതിയ പതിപ്പിലെ കവർ ഫോട്ടോ. ആഞ്ജലീനയുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകം അതിനെ രൂപപ്പെടുത്തുന്നവർക്കുള്ളതാണെന്ന് ഗീതഞ്ജലിയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ട് ടൈം വ്യക്തമാക്കി. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ആശയങ്ങൾ സ്വപ്നം കാണാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ ഈ നേട്ടത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഗീതാഞ്ജലി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |