തിരുവനന്തപുരം:കേരളത്തെ മൂന്ന് ദിവസം ഭീതിയുടെ മുൾമുനയിൽ നിറുത്തിയ ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ സ്വയം ശക്തിയൊഴിഞ്ഞ് ദുർബലമായി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബുറേവി തമിഴ്നാട്ടിലെ രാമനാഥപുരം തീരത്തുനിന്ന് 40 കിലോമീറ്റർ തെക്ക് കിഴക്ക് ലങ്കയ്‌ക്ക് സമീപം കടലിന് മീതേ വേഗത പകുതിയായി കുറഞ്ഞ്, ചുഴിയായി നിൽക്കുകയായിരുന്നു. അവിടെ നിന്ന് വടക്കോട്ട് നീങ്ങി 30കിലോമീറ്ററിൽ താഴെ വേഗതയുള്ള ഇടത്തരം കാറ്റായി രാമനാഥപുരം, തൂത്തുക്കുടി വഴി കേരളം വരെ നീങ്ങി വീണ്ടും അറബിക്കടലിലൂടെ ചെറുകാറ്റായി അസ്തമിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിക്കുന്നത്. കേരള തീരത്ത് 40കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാദ്ധ്യതയുണ്ട്. കടലിൽ പോകാൻ രണ്ടുദിവസം കൂടി വിലക്കുണ്ട്.
അതേസമയം ബുറേവിയുമായി ബന്ധപ്പെട്ട ഭീതിജനകമായ മുന്നറിയിപ്പുകളിൽ പിഴവുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി. കടുത്ത മുന്നറിയിപ്പുകളെല്ലാം സർക്കാർ പിൻവലിച്ചു. തിരുവനന്തപുരം വിമാനത്താവളം ഇന്നലെ വൈകിട്ട് തുറന്നു. സംസ്ഥാനത്തെ 2891ക്യാമ്പുകളും പിരിച്ചുവിട്ടു. നിയന്ത്രണങ്ങളും ഒഴിവാക്കി.
ഒതുക്കിയത് കടലിലെ മർദ്ദവ്യതിയാനം
ബംഗാൾ ഉൾക്കടലിൽ നവംബർ 28 ന് രൂപമെടുത്ത ബുറേവി ലങ്കൻ തീരം കടന്ന് തമിഴ്നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തു. 2017 ൽ ഇതേ സ്ഥലത്ത് നവംബർ 29ന് രൂപമെടുത്ത ഒാഖി ചുഴലിക്കാറ്റ് കേരളതീരത്ത് എത്തിയത് 24മണിക്കൂറിലാണ്. ഇൗ വേഗതക്കുറവാണ് ബുറേവിയെ ദുർബലമാക്കിയതെന്ന് കൊച്ചിസർവ്വകലാശാലയിലെ കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. അഭിലാഷ് പറയുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയിൽ ആദ്യം കരതൊട്ട ബുറേവിക്ക് അവിടെ വേഗത നഷ്ടമായി.പിന്നീട് ലങ്കയുടെ കിഴക്കൻ തീരം താണ്ടി വടക്കോട്ട് നീങ്ങിയ ബുറേവിക്ക് ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിലേക്കുള്ള മാന്നാർ കടലിടുക്കിലെ മർദ്ദവ്യതിയാനം മൂലം കടൽപരപ്പിലൂടെ നീങ്ങാനുള്ള ശക്തി ( ടിയറിംഗ് ഫോഴ്സ്) അടിക്കടി കുറഞ്ഞു.കടൽ പരപ്പിലെ താപവ്യതിയാനത്തിൽ നിന്നാണ് ചുഴലിക്കാറ്റുകൾ ഉൗർജ്ജമെടുത്ത് ശക്തിയാർജ്ജിക്കുന്നത്. ന്യൂനമർദ്ദമായി തുടങ്ങി തീവ്ര ന്യൂനമർദ്ദമായും അതിതീവ്ര ന്യൂനമർദ്ദമായും മാറുന്ന ഇൗ ചുഴിയാണ് കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി കടലിലൂടെ നീങ്ങുന്നത്. ശക്തികുറഞ്ഞ് ഇതേ പ്രക്രിയയിലൂടെ അത് ഇല്ലാതാകുന്നത് അപൂർവ്വമാണ്. കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകാറ്. ഇത്തവണ അറബിക്കടലിലെ മർദ്ദവ്യതിയാനം ചുഴലിക്കാറ്റിനെ മെരുക്കിയത് തെക്കൻ തമിഴനാടിനെയും കേരളത്തെയും തുണച്ചു.
നാളെ വരെ മഴ
ചുഴലിക്കാറ്റിന്റെ ഭീതിയൊഴിഞ്ഞെങ്കിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ അഞ്ചിനും എറണാകുളം ജില്ലയിൽ ആറിനും യെല്ലോ അലർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |