
കോട്ടയം: മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാടേ അവഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന്റെ വീഡിയോ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെന്നിത്തല എഴുന്നേറ്റപ്പോൾ രാഹുൽ അദ്ദേഹത്തോട് സംസാരിക്കാനായി ശ്രമിച്ചു എന്നാൽ മുഖംകൊടുക്കാതെ ചെന്നിത്തല നടന്നുപോകുകയായിരുന്നു.
ലൈംഗികാരോപണം ഉയർന്നപ്പോൾത്തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡുചെയ്തിരുന്നു. ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു യുവതികൂടി പരാതിയുമായി എത്തുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കേസായതോടെ ഒളിവിൽപ്പോയ രാഹുൽ അറസ്‌റ്റ് കോടതി തടഞ്ഞതിന് പിന്നാലെ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാണ് പൊങ്ങിയത്. അന്ന് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇന്ന് പെരുന്നയിൽ ചെന്നിത്തലക്കൊപ്പം പി ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്‌ണുനാഥ്, എം കെ രാഘവൻ എന്നീ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ ഇരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് സീറ്റ് നൽകരുതെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാഹുൽ നേരിട്ട് അതൃപ്‌തി അറിയിച്ചു. രാഹുലിന് സീറ്റ് നൽകരുതെന്നും യുവാക്കൾക്ക് സീറ്റ് നൽകണമെന്നും അങ്ങനെ നൽകുമ്പോൾ ചില കാര്യങ്ങൾ മാനദണ്ഡമാക്കണമെന്നുമാണ് പി ജെ കുര്യൻ സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |