കയർ തൊഴിൽ മേഖലയിലെ വ്യവസായബന്ധവും വർഗസമരവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ഡോക്ടറായ ഐസക് സഖാവിന് ഏത് വിഷയത്തെയും കയർ പിരിക്കുന്നത് പോലെ പിരിച്ചെടുക്കാനാണ് താല്പര്യം. കടും ചുവപ്പും കടും പച്ചയും കടും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള കുർത്തകൾ മാറിമാറി ധരിച്ചുകൊണ്ടുള്ള സഖാവിന്റെ നടത്തത്തിന് പോലും ഒരു കമ്പവലി മത്സരത്തിലെ പിടിവലിക്കിടയിൽ പുളയുന്ന കമ്പക്കയറിന്റെ ശരീരഭാഷയുണ്ടെന്ന് ഏത് പിണറായി സഖാവും സമ്മതിച്ചുപോവും. അത് കയർഗവേഷണത്തിന്റെ ഫലമായുണ്ടായതാണ്.
അറിയപ്പെടുന്ന ധനകാര്യ വിദഗ്ദ്ധനായ ഐസക് സഖാവിന് ധനകാര്യവും കയർ പിരി പോലെ മനസ്സുഖം നൽകുന്നുണ്ട്. പിരിച്ചുപിരിച്ച് ധനകാര്യത്തെ ഒരുക്കാൻ വല്ലാത്ത ഔത്സുക്യം ഐസക് സഖാവ് പലപ്പോഴും കാണിക്കാറുണ്ടെന്ന് സമ്മതിച്ച് തരാൻ കഴിഞ്ഞ ജന്മത്തിൽ സഖാവിന്റെ ഏറ്റവും ആത്മമിത്രമായിരുന്ന അമ്പലപ്പുഴ മഹാകവി ജി.സു തയാറായെന്ന് വരും, നിർബന്ധമാണെങ്കിൽ മാത്രം. (കഴിഞ്ഞ ജന്മത്തിലെ മിത്രം ഈ ജന്മത്തിൽ ശത്രുവായി ആവിർഭവിക്കുമെന്നാണല്ലോ പ്രമാണം!)
ധനകാര്യത്തെയെന്നല്ല, കിംഫിയെ (കിഫ്ബി) പോലും തന്റേതായ വഴിക്ക് പിരിച്ചെടുക്കുന്നതാണ് ഐസക് സഖാവിന്റെ ഒരു രീതി. അങ്ങനെ പിരിച്ചെടുക്കുമ്പോൾ പാലാഴി കടയുമ്പോൾ ദേവാസുരന്മാർക്ക് ഉണ്ടായത് പോലുള്ള ആത്മനിർവൃതി അദ്ദേഹത്തിന് സ്വയം അനുഭവവേദ്യമാകാറുണ്ട്. മന്ഥരപർവ്വതത്തിൽ വാസുകിയെന്ന സർപ്പത്തെ കയറാക്കിക്കൊണ്ടുള്ള പാലാഴിമഥനത്തിലൂടെ അമൃതകുംഭം ദേവന്മാരും അസുരന്മാരും ചേർന്ന് പുറത്തെത്തിച്ചത് പോലെ ഐസക് സഖാവ് പലതും കടയുന്നുണ്ട്. ഒന്നും ഒരു കരയ്ക്കെത്തുന്നില്ലേയെന്ന് ചോദിച്ചാൽ, 'എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ!' എന്നാകും സഖാവ് മറുപടി നൽകുക. കിഫ്ബി അക്കൂട്ടത്തിലൊരു വാസുകി മാത്രമാണ്. കിഫ്ബിമഥനം ഒരറ്റം കണ്ടു തുടങ്ങുന്നതേയുള്ളൂ എങ്കിലും അതിന് മുമ്പ് ചില കാളകൂട വിഷങ്ങൾ പുറത്തേക്ക് വമിക്കുന്നത് കണ്ടാൽ നോക്കിയിരിക്കുന്നതെങ്ങനെ? അതുകൊണ്ടാണ് കിഫ്ബിക്കെതിരെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വാറോല ഇറക്കിയപ്പോൾ ഐസക് സഖാവ് സ്വയം അതേറ്റുപിടിച്ച് വിഴുങ്ങി ജി.സു.സഖാവിനെ പോലുള്ള സാധുക്കളെ രക്ഷിക്കാൻ തയാറായത്. അതിനെയാണ് ത്യാഗം എന്നൊക്കെ പറയുന്നത്. (ജി.സു. സഖാവിനെ രക്ഷിക്കാൻ ഐസക് സഖാവ് തന്നെ തയാറാകുന്നുവെന്ന് പറഞ്ഞാലത് വെറും ത്യാഗമല്ല, ത്യാഗത്തിന്റെ പരമകോടിയാണ്!)
പിന്നെയും ഇത്തരം ഏടാകൂട മഥനങ്ങൾ ഐസക് സഖാവ് നടത്തിവരുന്നുണ്ട്. എല്ലാം സ്വന്തം റിസ്കിൽ മാത്രമാണ് അദ്ദേഹം ചെയ്തുപോരുന്നത്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് കേറി മേഞ്ഞപ്പോൾ ഐസക് സഖാവിന് അരിശം മൂത്തുകയറിയത് ഇത്തരത്തിൽ പല റിസ്കുകളും അദ്ദേഹം സ്വയമേവ ഏറ്റുപിടിക്കുന്നത് കാരണമായിരുന്നു. പിണറായി സഖാവിന്റെ വിജിലൻസാണെന്ന് പോലും ഒരു അഭിശപ്തനിമിഷത്തിൽ ഐസക് സഖാവ് മറന്നുപോവുകയുണ്ടായി. 'ഉരലു വലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തതാ തീയിലെരിച്ചു; അരകല്ലങ്ങ് കുളത്തിലെറിഞ്ഞൂ; അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു...' എന്ന മട്ടിലായിരുന്നു ആ വേളയിലെ ഐസക് സഖാവിന്റെ ചുവടുവയ്പുകളും മറ്രും.
പിണറായി സഖാവിന്റെ വിജിലൻസാണെന്ന് ഐസക് സഖാവ് മറന്ന് പോയിട്ടുണ്ടാവാം. എന്നാൽ, സ്വന്തം വിജിലൻസിനെ തന്റേതല്ലെന്ന് പിണറായി സഖാവ് ഒരിക്കലും സങ്കല്പിക്കുക പോലും ചെയ്യില്ല. അങ്ങനെ ചെയ്താലത് അസ്തിത്വ പ്രതിസന്ധിയാവും. അതുകൊണ്ട് മനസ്സിനെ സദാ ജാഗരൂകമാക്കി വച്ചാണ് പിണറായി സഖാവിന്റെ നടപ്പും ഇരിപ്പും കിടപ്പുമെല്ലാം. മനസ്സിന്റെ നിയന്ത്രണം വിട്ടുപോയാൽ ഐസക് സഖാവ് അങ്ങനെ വല്ലതും ഓർക്കുമോ, അഥവാ ചിന്തിക്കുമോ?
അതുകൊണ്ടാണ് കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനെതിരെ ഐസക് സഖാവ് രോഷാഗ്നി ജ്വലിപ്പിച്ചത്. പിണറായി സഖാവ് തന്നാലാവുന്ന രീതിയിൽ ഐസക് സഖാവിനെ സാന്ത്വനിപ്പിക്കാൻ നോക്കിയതും അതുകൊണ്ടായിരുന്നു. പിണറായി സഖാവിന്റെ സാന്ത്വനചികിത്സ എന്നത് ലാപ്രോസ്കോപ്പിക് സർജറി അഥവാ താക്കോൽദ്വാര ശസ്ത്രക്രിയ പോലെയൊന്നാണ്. വയർ കീറി മുറിക്കാതെ തന്നെ ശസ്ത്രക്രിയ നടത്തി രോഗത്തെ കരിച്ചുകളയുന്ന വിദ്യയാണത്.
ഐസക് സഖാവ് സർജൻ പിണറായി സഖാവിന്റെ ലാപ്രോസ്കോപ്പിക് സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായാണ് എ.കെ.ജി സെന്റർ ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവരം. ശസ്ത്രക്രിയാ വേളയിൽ മഹാകവി ജി.സു. പുതിയൊരു കവിതാരചനയുടെ പണിപ്പുരയിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 'പൂച്ചേ, പൂച്ചേ, മണൽക്കാട്ടിൽ കഴിഞ്ഞ നീ വീട്ടിൽ വന്നതെന്തേ...' എന്ന് നീട്ടിച്ചോദിച്ച കവി, ഐസക് സഖാവിനോട് ഏതാണ്ട് അമ്മട്ടിലുള്ള ചില ചോദ്യങ്ങളെറിഞ്ഞ് മുറിവിൽ മുളകരച്ച് തേച്ചുകൊടുക്കുന്നത് കണ്ടവരുണ്ട്. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന പ്രമാണം ഐസക് സഖാവിനും മുൻകാല പ്രാബല്യത്തോടെ ബാധകമാണെന്ന് മാത്രം പറഞ്ഞുകൊള്ളുന്നു!
..........................
- ന.മോ.ജിയും അമിത് ഷാജിയും ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിലിരുന്ന് മൂക്ക് കൊണ്ട് 'ക്ഷ', 'ണ്ണ' വരയ്ക്കുന്നുണ്ടെന്ന് ചില ദോഷൈകദൃക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അയോദ്ധ്യയിൽ ശ്രീരാമന്റമ്പലം കെട്ടുന്നതിനുള്ള പൂജയ്ക്ക് പോയി ഇരുന്നത് പോലെ ഇരിക്കാൻ ന.മോ.ജിക്ക് ഇപ്പോൾ കഴിയുന്നില്ലത്രെ. പെട്രോളിയം കമ്പനികൾക്ക് ഇന്ധനവില എപ്പോൾ വേണമെങ്കിലും കൂട്ടാൻ അവകാശം കൊടുത്തത് പോലെയും പാചകവാതക സബ്സിഡി പോയ വഴിക്കിപ്പോൾ പുല്ല് പോലും കിളിർയ്ക്കാത്ത അവസ്ഥയായത് പോലെയുമൊക്കെ കർഷകർക്കും ചില പണികളൊപ്പിച്ച് കൊടുക്കാൻ ന.മോ.ജി അപാരധൈര്യം കാട്ടിയതാണ് പ്രശ്നമായത്. അല്ലെങ്കിലും ഗുളികൻ ഏത് സമയത്ത് ഏത് രൂപത്തിലാണ് വന്ന് തലയിലിരിക്കുകയെന്ന് പറയുക വയ്യ. കുത്തിക്കുത്തി ഒടുവിൽ കർഷകന്റെ വിത്തിൽ കുത്തിയപ്പോൾ കൈക്ക് ചെറിയ മുറിവ് പറ്റിയത് ഗുളികന്റെ വേലയായി കണ്ടാൽ മതി. അതിനാൽ എത്രയും വേഗം പരിഹാരക്രിയ ചെയ്യുന്നത് നല്ലതായിരിക്കും, ഒരു വഴിക്ക് പോകാനിറങ്ങിയതല്ലേ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |