ന്യൂഡൽഹി: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചുനിന്നതോടെ ഇന്നലെ നടന്ന അഞ്ചാം ചർച്ചയും അലസി. ഒൻപതിന് വീണ്ടും ചർച്ച നടക്കും.
കർഷകരുടെ ആവശ്യങ്ങളിൽ സംസ്ഥാനങ്ങളോടും ആലോചിക്കണമെന്നും കൂടുതൽ സമയം വേണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ രേഖാമൂലം ഡിസംബർ 9ന് നേതാക്കൾക്ക് കൈമാറും. അത് പരിശോധിച്ചശേഷം അന്നത്തെ ചർച്ചയിൽ നേതാക്കൾ നിലപാട് അറിയിക്കും. അതേസമയം, ഡിസംബർ എട്ടിന് ഭാരതബന്ദ് നടക്കുമെന്നും റോഡുകളും ടോൾ പ്ലാസകളും തടയുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
ഇന്നലെ ചർച്ചയ്‌ക്കിടെ, നിയമം പിൻവലിക്കണം എന്ന ആവശ്യത്തിൽ യെസ് ഓർ നോ എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തി നേതാക്കൾ കുറച്ചുനേരം മൗനമായി പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുമെന്നും ഒരുഘട്ടത്തിൽ അവർ പറഞ്ഞു.
നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്നും താങ്ങുവില ഉൾപ്പെടെ എല്ലാ ആശങ്കകളും പരിഹരിക്കാമെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവർത്തിച്ചു. കാർഷിക വിളകളുടെ അവശിഷ്ടം കത്തിച്ചതിന്റെ കേസുകൾ പിൻവലിക്കാമെന്നും അറിയിച്ചു. കടുത്ത ശൈത്യവും കൊവിഡും കണക്കിലെടുത്ത് സമരം അവസാനിപ്പിച്ച് മുതിർന്ന പൗരന്മാരും കുട്ടികളും വീടുകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഒരുവർഷത്തോളം സമരം ചെയ്യാനുള്ള വിഭവങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി. കുറേ ദിവസങ്ങളായി ഞങ്ങൾ റോഡിലാണ്. റോഡിൽ തന്നെ തുടരണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആഗ്രഹമെങ്കിൽ അങ്ങനെയാവട്ടെ. സമാധാനപരമായി സമരം തുടരും. കരാർ കൃഷി ഞങ്ങൾക്ക് വേണ്ട. പുതിയ നിയമം കൊണ്ട് സർക്കാരിന് നേട്ടമുണ്ടാകും. കർഷകർക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, കൃഷി സെക്രട്ടറി സഞ്ജയ് അഗർവാൾ എന്നിവരും 40 കർഷക നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗം നടന്നു.
ഭാരത് ബന്ത്: പിന്തുണച്ച് ഇടത് പാർട്ടികൾ
പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ എട്ടിന് കർഷക സംഘടനകൾ നടത്തുന്ന ഭാരത് ബന്തിന് ഇടതുപാർട്ടികളും പത്തു ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), ആർ.എസ്.പി, ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികൾ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ അറിയിച്ചത്.
ബന്ത് വിജയിപ്പിക്കണമെന്ന് കർഷകർക്കൊപ്പം നിൽക്കുന്ന മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളോടും പ്രസ്ഥാനങ്ങളോടും ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. മൂന്ന് കാർഷിക നിയമങ്ങൾക്കൊപ്പം വൈദ്യുതി (ഭേദഗതി) ബില്ല് റദ്ദാക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തേയും ഇടതുപാർട്ടികൾ പിന്തുണച്ചു. ട്രേഡ് യൂണിയനുകളിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നിവയും ബന്ത് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |