മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ശേഷിക്കെ പ്രചാരണച്ചൂട് ഉയരുന്നു. വീടുകൾ കയറിയിറങ്ങിയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സാമ്പാർ മുന്നണിയിലൂടെ കഴിഞ്ഞ തവണ നേരിട്ട തിരിച്ചടി ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് യു.ഡി.എഫ്. നിലവിലെ ഭരണസമിതികളെ നിലനിറുത്തുക ലക്ഷ്യമിട്ടാണ് എൽ.ഡി.എഫിന്റെ പ്രവർത്തനം. മുന്നണിയെന്ന നിലയിൽ ജില്ലയിൽ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ പ്രതീക്ഷയിലാണ് എൻ.ഡി.എ.
പ്രചാരണം അവസാന നിമിഷത്തിലെത്തുമ്പോഴും വലിയ മുന്നേറ്റ പ്രതീക്ഷകൾ മൂന്ന് മുന്നണികൾക്കുമില്ല. സ്വർണക്കടത്തും ലഹരിക്കേസുമടക്കം സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ യു.ഡി.എഫ്. അഴിമതി മുഖ്യ പ്രചാരണ ആയുധമാക്കാനായിരുന്നു യു.ഡി.എഫിന്റെ തീരുമാനം. അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹീം കുഞ്ഞും നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയും അറസ്റ്റിലായതിന് പിന്നാലെ വിഷയം പ്രചാരണായുധമാക്കാനാവാത്ത വിഷമത്തിലാണ് യു.ഡി.എഫ്. യു.ഡി.എഫിന് കിട്ടിയ വലിയ മൈലേജ് ലീഗ് എം.എൽ.എമാരുടെ അറസ്റ്റോടെ ഇല്ലാതായെന്ന വികാരം കോൺഗ്രസിനുണ്ട്. നിലവിൽ അഴിമതി മുഖ്യ ചർച്ചാ വിഷയമാക്കാതെയാണ് യു.ഡി.എഫിന്റെ പ്രചാരണം. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതിരോധമെന്ന നിലയിലല്ലാതെ ലീഗ് എം.എൽ.എമാർ അറസ്റ്റിലായത് ഇടതുമുന്നണിയും പ്രചാരണായുധമാക്കുന്നില്ല. ബി.ഡി.ജെ.എസിന്റെ വരവും ഇരുമുന്നണികൾക്കുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ഡൽഹിയിലെ കർഷക പ്രക്ഷോഭം കരുത്താർജ്ജിക്കുന്നതിന്റെ ആശങ്ക എൻ.ഡി.എയ്ക്കുണ്ട്.
ആദ്യഘട്ടത്തിൽ പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണമെങ്കിൽ എല്ലായിടത്തും ഓടിയെത്താനുള്ള ശ്രമമാണിപ്പോൾ. ഇതിനിടെ മഴ വില്ലനാവുമോയെന്ന ആശങ്ക സ്ഥാനാർത്ഥികൾക്കുണ്ട്.
സ്‌ക്വാഡുകളുടെ പരിശോധന നടക്കുമ്പോഴും ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും പൊതുസ്ഥലങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
കൊഴുപ്പിക്കാൻ പാടുപെടും
കൊവിഡിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രചാരണങ്ങളിലെ കുറവ് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. പതിവു പ്രചാരണ രീതികൾ മാറിയത് പ്രയോജനപ്പെടുത്താൻ അവസാന നിമിഷത്തിലും പാടുപെടുകയാണ്. പ്രധാന നേതാക്കന്മാരെ ഉൾപ്പെടുത്തിയുള്ള പൊതുപരിപാടികളും കൺവെൻഷനുകളും നാമമാത്രമായി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം യു.ഡി.എഫ് നേതാക്കളുടെ പടതന്നെ എത്തിയെങ്കിലും എൽ.ഡി.എഫിന്റെ പ്രധാന നേതാക്കൾ ജില്ലയിലെത്തിയിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രചാരണത്തിനെത്തി. വലിയ പൊതുപരിപാടികളും കൺവെൻഷനുകളുമില്ലാത്തത് പ്രചാരണച്ചെലവ് കുറച്ചിട്ടുണ്ട്. തുടക്കത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലായിരുന്നു ശ്രദ്ധ. ഇനിയുള്ള ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഊന്നൽ നൽകും. വാർഡുതലത്തിൽ കുറഞ്ഞത് മൂന്ന് കുടുംബസംഗമങ്ങളെങ്കിലും നടത്താനാണ് ശ്രമം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വാഹനപ്രചാരണ ജാഥ നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |