ജില്ലയിൽ പരക്കെ മഴയ്ക്ക് സാദ്ധ്യത
കൊല്ലം: തീവ്രന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിലെങ്ങും മഴ ലഭിച്ചു. മഴ ശക്തിപ്രാപിച്ചില്ലെങ്കിലും ദിവസം മുഴുവൻ തെളിച്ചമില്ലാത്ത അന്തരീക്ഷമായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളെ തുടർന്ന് ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ജാഗ്രതാ നിർദേശം തുടരുകയാണ്. മഴയും കാറ്റും ശക്തിപ്രാപിക്കുമെന്നതിനാൽ കൊല്ലം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. തീരദേശത്ത് മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്രൽ പൊലീസും ബോധവത്കരണവും നിരീക്ഷണവും നടത്തുന്നുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാണ്. വൈദ്യുതി അപകടങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂമും ദിവസം മുഴുവൻ പ്രവർത്തിക്കുണ്ട്.
ബുറേവി ചുഴലിക്കാറ്റിനെതിരെ ജില്ലയിൽ ജാഗ്രത തുടരും. കൺട്രോൾ റൂമുകൾ അതേപടി തുടരും. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണത്തിന് ചുമതലപ്പെട്ട എല്ലാ വകുപ്പുകളും ജാഗ്രത തുടരും.
ബി.അബ്ദുൽ നാസർ, ജില്ലാ കളക്ടർ
മുന്നൊരുക്കം നടത്തണം
കാർഷിക മേഖലയിൽ സംഭവിക്കാവുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് കൃഷി വകുപ്പ് അറിയിച്ചു. ജില്ലയിലെ കാർഷിക മേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല അതത് കൃഷിഭവനുകൾക്ക് നൽകിയിട്ടുണ്ട്.
കർഷകർ ശ്രദ്ധിക്കേണ്ടത്
1. വാഴ പോലെയുള്ള വിളകൾക്ക് താങ്ങുകാലുകൾ നൽകി കയർ ഉപയോഗിച്ച് പിടിച്ചുകെട്ടണം
2. നെൽവയലുകളിൽ ജലനിരപ്പ് കുറയ്ക്കണം, ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കണം
3. കനാലുകളിലും ചാലുകളിലും അടിഞ്ഞുകൂടിയ കുളവാഴ, ചണ്ടി, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണം
4. ജലമൊഴുകുന്നതിനുള്ള സൗകര്യമൊരുക്കാൻ കർഷകരും പാടശേഖര സമിതികളും ശ്രദ്ധിക്കണം
5. ഗ്രീൻഹൗസ്, പോളിഹൗസ് മുതലായ നിർമ്മിതികളിൽ മുന്നറിയിപ്പ് കാലയളവിൽ കർഷകർ പ്രവേശിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |