പൂവാർ: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കേ തീരദേശ പഞ്ചായത്തുകളിൽ അനധികൃത മദ്യത്തിന്റെ കുത്തൊഴുക്ക്. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് എക്സൈസിനെയും പൊലീസിനെയും നോക്കുകുത്തികളാക്കി മദ്യവിൽപ്പന പൊടിപൊടിക്കുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെയും കടൽമാർഗവും ഊടുവഴികളിലൂടെയുമൊക്കെയാണ് തമിഴ്നാട്ടിൽ നിന്നുള്ള മദ്യം കേരളത്തിലേക്ക് ഒഴുകുന്നത്. മറ്റ് നിരോധിത ലഹരി വസ്തുക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പ് ദിവസം വിതരണം ചെയ്യുന്നതിന് ഇവ വലിയതോതിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് സാംസ്കാരിക പ്രവർത്തകർ പറയുന്നത്. ആവശ്യക്കാർക്ക് ഒരു ഫോൺവിളിയുടെ ചെലവ് മാത്രമേയുള്ളൂ. അവർ പറയുന്ന സ്ഥലങ്ങളിൽ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും മദ്യം എത്തിച്ചുനൽകാൻ കച്ചവടക്കാർ റെഡിയാണ്. ഇതാണ് ഇത്തരക്കാരെ സമീപിക്കാൻ മദ്യപാനികളെ പ്രേരിപ്പിക്കുന്നത്. പരിശോധനകളും നാമമാത്രമായതോടെ ലക്ഷങ്ങളുടെ കച്ചവടമാണ് അതിർത്തി പഞ്ചായത്തുകളിൽ നടക്കുന്നത്.
ആപ്പും നോക്കുകുത്തി
ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ബെവ് ക്യൂ ആപ് ഉപയോഗിച്ച് മാത്രമാണ് മദ്യവിതരണം എന്നാണ് അധികൃതർ പറയുന്നതെങ്കിലും പല സ്ഥലങ്ങളിലും ഈ സംവിധാനവും നോക്കുകുത്തിയാണ്. ബാറുകളിൽ നിന്ന് പണമുണ്ടെങ്കിൽ എത്രലിറ്റർ മദ്യം വേണമെങ്കിലും ഇപ്പോൾ വാങ്ങി സൂക്ഷിക്കാൻ സാധിക്കുന്ന നിലയാണ്. ബാറുകളിൽ നിന്ന് മദ്യം വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന സംഘങ്ങളും സജീവമാണ്. വില അല്പം കൂടുതലാണെങ്കിലും എത് സമയത്തും മദ്യം ലഭിക്കുമെന്നതിനാൽ ഇത്തരക്കാരെ ആശ്രയിക്കുന്നവരും ഏറെയാണ്.
സംവിധാനങ്ങൾ പാളി
അതിർത്തിക്കപ്പുറത്തു നിന്ന് മദ്യവും മയക്കുമരുന്നുകളും എത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്ന കാര്യം എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. തീരമേഖലയിൽ വ്യാജ നമ്പരുകൾ പതിച്ച ബൈക്കുകളിൽ ചുറ്റിക്കറങ്ങി ഇവ വിൽക്കുന്നവരെ പിടികൂടാൻ പ്രയാസമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വാഹനപരിശോധനയിലടക്കം തുടരുന്ന അലംഭാവമാണ് ലഹരിമാഫിയയെ കൈഅയച്ച് സഹായിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
"തമിഴ്നാട്ടിൽ നിന്നും വില കുറഞ്ഞ മദ്യവും ലഹരി വസ്തുക്കളും കേരളത്തിലേക്ക് ധാരാളമായി എത്തുന്നുണ്ട്. കൂടാതെ മലയേര മേഖലയിൽ കള്ളവാറ്റും വ്യാപകമാണ്. ഇത് നിയന്ത്രിക്കാൻ നടപടി വേണം."
അമരവിള ജയകുമാർ, മദ്യനിരോധന സമിതി ജില്ലാ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |