തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നു. വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചിട്ടും സംസ്ഥാന സർക്കാരിന് അനക്കമില്ല. ഇതോടെ സംസ്ഥാനത്തിന് അടുത്ത ഗഡുവായ 156.93 കോടി രൂപ നഷ്ടമാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പിക്കാനും പശ്ചാത്തല സൗകര്യമൊരുക്കാനുമുള്ള രാഷ്ട്രീയ
ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിക്കായാണ് കേന്ദ്രം കോടികൾ വിഹിതമായി നൽകിയത്. ഈ തുക ഉന്നത ഉദ്യോഗസ്ഥരുടെ
നേതൃത്വത്തിൽ ഫണ്ട് വെട്ടിക്കലും വകമാറ്റി ചെലവഴിക്കലും നടക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മറുപടി നൽകിയില്ല
വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തുകളയച്ചിട്ടും നടപടി ഇല്ലാത്തതിനെ തുടർന്ന് കേന്ദ്രം കൃത്യമായ മറുപടിയ്ക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
2013ൽ ആരംഭിച്ച പദ്ധതി ഈ വർഷം മാർച്ച് 31ന് അവസാനിക്കുകയാണ്. അതിനു മുമ്പ് പദ്ധതികൾ പൂർത്തിയാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. 70.17 കോടി രൂപയുടെ ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. അത് കിട്ടിയില്ലെങ്കിൽ ബാക്കി വരുന്ന 156.93 കോടി അനുവദിക്കാനാവില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോഡൽ കോളേജ് ആരംഭിച്ചില്ല,സ്ഥലംലഭ്യമല്ലെന്ന് കാരണം
സ്ഥലം ലഭ്യമാക്കാത്തതിനാൽ കേരളത്തിനനുവദിച്ച വയനാട്ടിലെ പുതിയ മോഡൽ കോളേജ് പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇതിനുളള ഡി.പി.ആറിൽ മാറ്റം വരുത്തി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഈ പദ്ധതിക്കായുള്ള 11.43 കോടി രൂപ ലഭിക്കണമെങ്കിൽ സംസ്ഥാനത്തെ 9 സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യപരിശോധനാ റിപ്പോർട്ട് നൽകണം. 2013-14ൽ അംഗീകരിച്ചു നൽകിയ 162 പദ്ധതികളിൽ ഒന്നിന്റെയും പ്രവൃത്തി പൂർത്തീകരിച്ച റിപ്പോർട്ട് ഇതുവരെ കിട്ടിയില്ല.
2015ലു 2018ലും റൂസ പദ്ധതിക്കായി 340.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിൽ 183.86 കോടി മാത്രമാണ് നേടിയെടുക്കാനായത്. റൂസ ഒന്നാം പദ്ധതി പ്രകാരം 116.4 കോടി രൂപ അനുവദിച്ചു. ഇതിൽ 99.56 കോടി മാത്രമേ നേടിയെടുക്കാൻ കഴിഞ്ഞുള്ളൂ. രണ്ടാം പദ്ധതിയിൽ 224.4 കോടിയിൽ 84.36 കോടി മാത്രമേ ലഭിച്ചുള്ളൂ. 2015ലും 2018ലും അനുവദിച്ച തുക കോളേജുകൾക്കും സർവകലാശാലകൾക്കും നൽകാതെ അധികൃതർ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ഫണ്ട് വകമാറ്റി ചിലവഴിക്കൽ തകൃതി
റൂസയുടെ പ്രിപ്പറേറ്ററി ഗ്രാന്റിൽ നിന്ന് സംസ്ഥാന സർക്കാർ പരിപാടികൾക്ക് റൂസ ഫണ്ട് വകമാറ്റി ചെലവഴിച്ചു. അനുവദിച്ച എട്ടുകോടിയിൽ ഇതിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് തുക ചെലവഴിച്ചത്. തിരുവനന്തപുരത്തും ഫാറൂഖ് കോളേജിലും നടത്തിയ സ്റ്റുഡന്റ്സ് കോൺക്ലേവിന് 20ലക്ഷം രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറി അച്ചടിക്കാനായി 30 ലക്ഷം രൂപയും ഇതിൽ നിന്നെടുത്ത് ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
123 കോളേജുകൾക്ക് പശ്ചാത്തല സൗകര്യമൊരുക്കാനായി 2018ൽ നൽകിയ ഗ്രാന്റിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ല. ഗവേഷണത്തിനും നൂതന സംരഭങ്ങൾക്കും ഗുണമേന്മ വർദ്ധിപ്പിക്കാനുമായി അഞ്ച് ഓട്ടോണോമസ് കോളേജുകൾക്ക് നൽകിയ ഗ്രാന്റിനും വിനിയോഗ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. സർക്കാർ, സ്വകാര്യ കോളേജുകളോടൊപ്പം ഓട്ടോണമസ് കോളേജുകൾക്കും ഫണ്ട് അനുവദിച്ചിരുന്നു. ഇതിൽ ഓട്ടോണമസ് കോളേജുകൾ കൃത്യമായി ഫണ്ട് നേടിയെടുത്തപ്പോൾ മറ്റുള്ളവയ്ക്ക് കൃത്യസമയത്ത് കിട്ടിയില്ലെന്ന ആരോപണമുണ്ട്.
വിവാദമായ ലണ്ടൻ യാത്ര
എസ്.എഫ് .ഐ നേതാക്കളായ കോളേജ് യൂണിയൻ ഭാരവാഹികളെ ലണ്ടനിൽ കൊണ്ടുപോകാനുള്ള വിവാദമായ യാത്ര ആദ്യം റൂസ ഫണ്ടിൽ നിന്നെടുക്കാനാണ് ആലോചിച്ചത്. ഇത് വിവാദമായതോടെ തീരുമാനം മാറ്റുകയായിരുന്നു.
ഓഫീസ് മാറ്റുന്നതിലും വെട്ടിപ്പ്
പി.എം.ജിയിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്ത് നിന്ന് സംസ്കൃത കോളേജിലേക്ക് റൂസയുടെ ഓഫീസ് മാറ്റുന്നതിലും വെട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. ചുമട്ട് തൊഴിലാളി ക്ഷേമനിധിയിൽ ചുമട്ട് കൂലി മാത്രമടച്ച് സാധനം മാറ്റാൻ ക്വട്ടേഷൻ ലഭിച്ചിട്ടും ഇരട്ടിത്തുക ചെലവായതായി കാണിച്ച് വെട്ടിപ്പ് നടത്തിയതായാണ് ആരോപണം.
റൂസ പദ്ധതിയുടെ മേൽനോട്ടത്തിനും മറ്റുമായി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ രൂപീകരിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ തണലിൽ കഴിയുന്ന ചിലർ ഈ സെല്ലിനെ പ്രവർത്തിക്കാനനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |