തിരുവനന്തപുരം/ ശ്രീകാര്യം: ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമംമൂലം ശ്രീകാര്യത്തിന് സമീപത്തെ സ്വകാര്യ സ്കൂൾ ബസിലെ ഡ്രൈവർ സ്കൂളിന് സമീപം തീകൊളുത്തി ആത്മഹത്യ ചെയ്തു. വട്ടപ്പാറ മരുതൂർ പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാറാണ് (52) സ്വന്തം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇടവക്കോട്-കല്ലമ്പള്ളി റോഡിൽ ഇന്നലെ രാവിലെ 7.50 ഓടെയാണ് സംഭവം. റോഡിൽ ഓട്ടോ വന്നു നിന്ന് പത്തുമിനിട്ടിനുള്ളിൽ തീ ആളിപ്പടർന്നെന്ന് നാട്ടുകാർ പറയുന്നു.
കഴക്കൂട്ടം ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒരു കാൽ ഓട്ടോയുടെ പുറത്തേക്ക് നീട്ടിയ നിലയിലായിരുന്നു. ഓട്ടോയിൽ പഴയ ടയറുകൾ അടുക്കി അതിനുമീതെ ചണചാക്കുകൾ വിരിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
ശ്രീകുമാർ സ്വകാര്യ സ്കൂൾ ബസിലെ ഡ്രൈവറും ഭാര്യ ബിന്ദു അതേ സ്കൂളിലെ ആയയുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇവരുൾപ്പെടെ 61 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ രണ്ടുമാസത്തോളമായി അനിശ്ചിതകാല സമരത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കരാർ വ്യവസ്ഥയിൽ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. സ്‌കൂൾ തുറന്നതോടെ ജോലിക്കെത്തിയ ശ്രീകുമാർ, മറ്റൊരു ഡ്രൈവർ ബസ് ഓടിക്കുന്നത് കണ്ട് പുറത്തേക്ക് പോകുകയായിരുന്നു.
സമീപത്തെ മറ്റൊരു ജീവനക്കാരന്റെ വീട്ടിലെത്തിയ ശ്രീകുമാർ ഒരു ഡയറി അടങ്ങിയ കവർ ഏൽപ്പിച്ച ശേഷം ഉടൻ വരാമെന്ന് പറഞ്ഞ് മടങ്ങി. തുടർന്ന് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ റോഡിന് സമീപമെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡയറിയിൽ മുഖ്യമന്ത്രിയുടേയും ജില്ലാ കളക്ടറുടേയും പേരിൽ ആത്മഹത്യാകുറിപ്പും കണ്ടെത്തി. അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ശ്രീകാര്യം പൊലീസ് കേസെടുത്തു. ഗായത്രി, മീനു എന്നിവരാണ് മക്കൾ. മരുമകൻ:നന്ദു.
സ്കൂൾ നഷ്ടപരിഹാരം നൽകും
സംഭവമറിഞ്ഞെത്തിയ മറ്റുജീവനക്കാരും നാട്ടുകാരും മൃതദേഹം മാറ്റാൻ അനുവദിച്ചില്ല. തുടർന്ന് സബ് കളക്ടർ മാധവിക്കുട്ടി,എ.സി.പി ആർ.അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി. ശ്രീകുമാറിന്റെ കുടുംബത്തിന് 15.5 ലക്ഷം രൂപയും ഭാര്യയ്ക്ക് പ്രതിമാസം പതിനായിരം രൂപയും സ്ഥിര നിയമനവും നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകി. ഇതോടെയാണ് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്.
ചർച്ചകളെ തുടർന്ന് സമരത്തിലായിരുന്ന ജീവനക്കാർക്ക് ചൊവ്വാഴ്ച മുതൽ ഗ്രാറ്റുവിറ്റി തുക വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചൊവ്വാഴ്ച എത്താൻ ശ്രീകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച സ്‌കൂളിൽ എത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. 33 ബസുള്ള സ്‌കൂളിൽ 8 എണ്ണം മാത്രമേ സംഭവദിവസം ഓടിച്ചുള്ളൂ.
- സ്‌കൂൾ മാനേജ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |