കൊച്ചി: കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും മൂലം ഗ്രാമങ്ങളിലെ മൂന്നിൽ രണ്ടുഭാഗം ദരിദ്രകുടുംബങ്ങളുടെയും വരുമാനം പകുതിയിൽ താഴെയായി. 18 ശതമാനത്തിന്റെ വരുമാനം പൂർണമായും നിലച്ചു. തൊഴിൽനഷ്ടവും വരുമാനക്കുറവും നേരിടാൻ വായ്പകളെയാണ് ആശ്രയിച്ചത്. രക്ഷകരായത് കുടുംബശ്രീയും.കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ് ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വരുമാനം ഏറ്റവും കുറഞ്ഞ മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകളിലാണ് പഠനം നടത്തിയത്.ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന ജോലി നാലിൽ മൂന്നുപേർക്ക് നഷ്ടപ്പെടുകയോ ജോലിസമയം കുറയുകയോ പകരം ലഭിക്കാതിരിക്കുകയോ ചെയ്തു. ഇത് വരുമാനത്തെയും ജീവിതാവശ്യങ്ങളെയും സാരമായി ബാധിച്ചു.
കൊവിഡ് മറികടക്കാൻ 72 ശതമാനം പേർ വായ്പകളെ ആശ്രയിച്ചു.പഠനം നടത്തിയ 2020 മാർച്ചിനും സെപ്തംബറിനുമിടയിൽ ദരിദ്രകുടുംബങ്ങൾ ശരാശരി 40,667 രൂപ വായ്പയെടുത്തു. വായ്പ തിരിച്ചടയ്‌ക്കാനും വായ്പയെടുക്കാൻ 30 ശതമാനം പേർ നിർബന്ധിതരായി. റിസർവ് ബാങ്കിന്റെ മൊറട്ടോറിയം ഭൂരിപക്ഷത്തിനും ലഭിച്ചില്ല. മൊറട്ടോറിയം പലരും അറിഞ്ഞില്ല. പലിശയിളവ് പല സ്ഥാപനങ്ങളും അനുവദിച്ചില്ല.
വരുമാന നഷ്‌ടം (ശതമാനത്തിൽ)
പൂർണ നഷ്ടം 18
പകുതിയിൽ താഴെ 48
പകുതിയിൽ കുറഞ്ഞില്ല 5
കുറഞ്ഞു, കൃത്യമറിയില്ല 17
വായ്പാ സ്രോതസുകൾ (ശതമാനത്തിൽ)
കുടുംബശ്രീ 57.2
സുഹൃത്തുക്കൾ, ബന്ധുക്കൾ 39.2
പ്രാഥമിക സഹകരണ സംഘങ്ങൾ 22.9
വാണിജ്യ ബാങ്കുകൾ 10.8
ബാങ്കിതര സ്ഥാപനങ്ങൾ 9.6
സ്വകാര്യ മൈക്രോ ഫിനാൻസ് 5.4
ജില്ലാ സഹകരണ ബാങ്ക് 3.0
സഹായസംഘങ്ങൾ 3.0
കുടുംബശ്രീ രക്ഷാകരം
കൊവിഡ് കാലത്ത് ദരിദ്രകുടുംബങ്ങൾക്ക് താങ്ങായത് കുടുംബശ്രീ വഴി നൽകിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പകളാണ്. കുടുംബശീ വായ്‌പയാണ് ഇവർക്ക് വളരെ എളുപ്പത്തിൽ ലഭിച്ചത്. കുടുംബശ്രീക്ക് പുറത്തുള്ള 30 ശതമാനം ദരിദ്രകുടുംബങ്ങൾ പലിശക്കാരെ ആശ്രയിച്ചു. പുറത്തുള്ളവരെയും കുടുംബശ്രീ ശൃംഖലയിൽ ഉൾപ്പെടുത്തി സർക്കാർ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പഠനം നിർദ്ദേശിച്ചു.
"ദുരന്തകാലത്ത് തൊഴിൽ ദൗർലഭ്യം മറികടക്കാവുന്ന വിധത്തിൽ തൊഴിലുറപ്പ് പദ്ധതി മാറ്റണം. പ്രായമുള്ളവർക്കും പറ്റുന്ന വിധത്തിൽ ജോലികൾ വിപുലീകരിക്കണം."
അശ്വതി റിബേക്ക അശോക്, പഠനസംഘം മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |