തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ, പിണറായി സർക്കാർ നാളെ അവതരിപ്പിക്കുന്ന അവസാനത്തെ ബഡ്‌ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പരാധീനതകൾ തുറിച്ചുനോക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതായിരിക്കും മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ്.
ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തിലേക്ക് രാഷ്ട്രീയകക്ഷികൾ ചുവടുമാറ്റിക്കഴിഞ്ഞ പശ്ചാത്തലത്തിൽ, അതിൽ ഊന്നിയ നിരവധി പ്രഖ്യാപനങ്ങൾക്ക് നാളെ നിയമസഭ സാക്ഷിയാകുമെന്ന് കരുതാം. ക്ഷേമ പെൻഷൻ ഈ മാസം ഒന്ന് മുതൽ 1500 രൂപയായി ഉയർത്തിയ സർക്കാർ, ബഡ്ജറ്റിൽ അതിനിയും ഉയർത്തുമെന്നുറപ്പായിട്ടുണ്ട്. 2016ൽ അധികാരമേറ്റപ്പോഴേ ക്ഷേമ പെൻഷനിലെ ആശയക്കുഴപ്പങ്ങൾ അകറ്റുന്നതിൽ ശ്രദ്ധിച്ച ഇടതുസർക്കാർ അത് ഫലപ്രദമാക്കിയതിന്റെ ഗുണം ഉണ്ടായെന്നാണ് വിശ്വസിക്കുന്നത്.
അതിനൊപ്പം കൊവിഡാനന്തര കേരളത്തിൽ നടപ്പാക്കിയ നിരവധി ജനകീയ പരിപാടികളും തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്തെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. മുഴുവൻ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിൽ വരെ തുടരാൻ തീരുമാനിച്ചതും തദ്ദേശഫലത്തിന് പിന്നാലെയായിരുന്നു.
ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെല്ലാം സാധാരണ ജനതയെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ ഇടം പിടിക്കും. കിഫ്ബിയിലൂടെ വമ്പൻ വികസന പദ്ധതികളും പ്രതീക്ഷിക്കുന്നു.
അവസാന സമ്മേളനമായതിനാൽ ബഡ്ജറ്രിന് പിന്നാലെ നാല് മാസത്തെ ധനവിനിയോഗത്തിനുള്ള വോട്ട് ഓൺ അക്കൗണ്ടും പാസാക്കിയാവും സഭ പിരിയുക. നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരമാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ വിജയത്തിന്റെ ചുവടുപിടിച്ചുള്ള മുന്നേറ്റം ഉണ്ടായാൽ, ബഡ്ജറ്റ് പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കാൻ ഇടതുപക്ഷം ബാദ്ധ്യസ്ഥമാവും. ഇതിനിടയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ റിപ്പോർട്ടും നടപ്പാക്കിയാവും സർക്കാർ തിരഞ്ഞെടുപ്പ് യുദ്ധക്കളത്തിലേക്കിറങ്ങുക.
തുടർഭരണം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന പിണറായി സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിന് നൽകുന്ന പ്രാധാന്യം ചെറുതായിരിക്കില്ല. ബഡ്ജറ്റിന്റെ രാഷ്ട്രീയ ഫോർമുല എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |