ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ എന്തുസാങ്കേതികത പറഞ്ഞാലും അതിൽ നിന്നും പൃഥ്വിരാജിനെ മാറ്റാൻ കഴിയില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ലൂസിഫറിൽ ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്‌ട് ചെയ്യിക്കാം. എല്ലാം തീരുമാനിച്ച് കഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. ലൂസിഫറിലെ റഷ്യൻ സീനിന്റെ ചിത്രകരണവും അങ്ങനെയായിരുന്നുവെന്ന് ആന്റണി പറയുന്നു.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ-
'എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്‌ട് ചെയ്യിക്കാം. എല്ലാം തീരുമാനിച്ച് കഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും അവൻ നേരിട്ട് പോയാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട സീനിലെ താരങ്ങളെ കുറിച്ചും കളർ പാറ്റേണിനെ കുറിച്ചും അവന് നേരത്തെ മനസിൽ നല്ല ധാരണയുണ്ടാകും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് മാറ്റാനാണ് പ്രയാസം. ലൂസിഫറിലെ റഷ്യയിലെ സീൻ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചത് റാസൽഖൈമയിൽ വച്ചായിരുന്നു. എന്നാൽ ബ്ളാക്ക് ആന്റ് വൈറ്റ് കളർ പാറ്റേണിലാണ് രാജു ആ സീൻ മനസിൽ കണ്ടത്. അത് റാസൽഖൈമയിൽ കിട്ടാതെ വന്നപ്പോഴാണ് ചിത്രീകരണം റഷ്യയിലേക്ക് മാറ്റിയത്. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെർമിഷൻ വാങ്ങികൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്. ഞാൻ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പിൽ ടെക്‌നീഷ്യൻമാരുടെ ജാക്കറ്റ് വരെ വാങ്ങികൊടുത്തത് അവനാണ്. എല്ലാം വിട്ട് ആത്മാർത്ഥമായാണ് സിനിമയെ സമീപിക്കുന്നത്. അപ്പോൾ സിനിമയുടെ നന്മയ‌്ക്ക് വേണ്ടി അവൻ ആവശ്യപ്പെടുന്നത് ചെയ‌്തുകൊടുക്കാതിരിക്കാൻ കഴിയില്ല.
മോഹൻലാലിന്റെ വലിയ ഫാൻ ഞാൻ ആണെന്നാണ് ഇതുവരെയും ധരിച്ചിരുന്നത്. ലൂസിഫർ കണ്ടപ്പോൾ മനസിലായി എന്നെക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആയിരുന്നെന്ന്. എമ്പുരാന്റെ കഥയെഴുതി വന്നപ്പോൾ ഇതിനൊരു മൂന്നാംഭാഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കും'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |