തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ വ്യാപക ക്രമക്കേടെന്ന ബിജു പ്രഭാകറിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ കലാപക്കൊടിയുമായി സി ഐ ടി യു രംഗത്ത്. ഐ എൻ ടി യു സിക്ക് പിന്നാലെ കെ എസ് ആർ ടിയിലെ പ്രബല യൂണിയനായ സി ഐ ടി യുവും കൂടി ബിജു പ്രഭാകറിന് എതിരെ രംഗത്ത് വന്നതോടെ കോർപ്പറേഷനിലെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.
തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്നാണ് സി ഐ ടി യു നിലപാട്. എം ഡി തന്റെ പ്രസ്‌താവന തിരുത്തണം. എം ഡിയുടേത് അനുചിതമായ പ്രസ്‌താവനയാണ്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്‌ക്കുകയാണ്. സ്വിഫ്‌റ്ര് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരീം പറഞ്ഞു.
ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തിൽ എടുത്ത് വേണം മുന്നോട്ട് പോകേണ്ടത്. തൊഴിൽ പരിഷ്‌കരണം ചർച്ച ചെയ്‌തത് വേണം നടപ്പാക്കാൻ. ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വയ്‌ക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എളമരം കരീം പറഞ്ഞു.
കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെയാണ് കെ എസ് ആർ ടി സി എം ഡി ജീവനക്കാർക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. സ്ഥാപനത്തിനെതിരായ എം ഡിയുടെ തുറന്ന് പറച്ചിൽ വൻവിവാദമായിരിക്കുകയാണ്. സി പി എം-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എം ഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെ എസ് ആർ ടിസി യിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |