
ചരക്കു കൂലി മൂന്നിരട്ടി ഉയര്‍ന്നു
മലപ്പുറം: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനമാര്‍ഗമുള്ള ചരക്ക് കയറ്റുമതി നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ ഈടാക്കിയിരുന്ന ചരക്കുകൂലി ഇപ്പോള്‍ 200 - 220 രൂപയാണ്. ചരക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ യാത്രാ വിമാനങ്ങളിലാണ് ചരക്കുകള്‍ അയക്കുന്നത്.
കേരളത്തില്‍ നിന്ന് പ്രതിദിനം 150 ടണ്ണിനടുത്തായിരുന്ന ഗള്‍ഫ് കയറ്റുമതി മൂന്നിലൊന്നായി കുറഞ്ഞു. പഴം, പച്ചക്കറിയാണ് കൂടുതലും. വില കൂടിയതോടെ വില്‍പ്പന കുറഞ്ഞതിനാല്‍ വിദേശ വ്യാപാരികള്‍ കരാറുകള്‍ റദ്ദാക്കുകയാണ്.
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ കയറ്റുമതി നാമമാത്രമാണ്. കരിപ്പൂരിലെ പ്രതിദിന കയറ്റുമതി 40-45 ടണ്ണില്‍ നിന്ന് പത്ത് ടണ്ണില്‍ താഴെയെത്തി. തിരുവനന്തപുരത്തെ കയറ്റുമതി 40 ടണ്ണില്‍ നിന്ന് പകുതിയായി ഇടിഞ്ഞു. കൊച്ചിയില്‍ 70 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറഞ്ഞു. ചരക്ക് വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിച്ച് വ്യോമഗതാഗതം സാധാരണ നിലയിലാകുമ്പോള്‍ മാത്രമേ കയറ്റുമതിയില്‍ ഉണര്‍വ്വുണ്ടാകൂവെന്ന് സിയാല്‍ കാര്‍ഗോ വിഭാഗം മാനേജര്‍ സതീശ് പറഞ്ഞു.
കപ്പലിലും വന്‍നിരക്ക്
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷിപ്പിംഗ് ചാര്‍ജ് കുത്തനെ കൂടുന്നു. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 20 അടി കണ്ടെയ്നറിനുള്ള ചാര്‍ജ് 800 മുതല്‍ 1,200 ഡോളറില്‍ നിന്ന് 3,900 ഡോളറായി വര്‍ദ്ധിപ്പിച്ചു. വാര്‍ റിസ്‌ക് സര്‍ചാര്‍ജ് കൂടിയതാണ് വിനയായത്. കൊള്ള ലാഭമെടുക്കാനുള്ള കപ്പല്‍ കമ്പനികളുടെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് കേരള എക്സ്പോര്‍ട്ടേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |