ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍. 1000 ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലി സമാധാനപരമായിരിക്കുമെന്നും റിപ്പബ്ലിക് ദിന പരേഡിന് യാതൊരു തടസ്സവും സൃഷ്ടിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും ട്രാക്ടർ പരേഡ്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു ഇക്കാര്യം കോടതി നാളെ പരിഗണിക്കും.
അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം 2024 മേയ് വരെ തുടർന്നുകൊണ്ടു പോകാൻ കർഷക സംഘടനകൾ തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കർഷകർ ഡൽഹി അതിർത്തികളിൽ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടിക്കായത്ത് പറഞ്ഞു.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം, താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ലഭിക്കണം എന്നിവയാണ് തങ്ങളുടെ ആവശ്യങ്ങൾ. കർഷകർ നടത്തുന്ന ആശയപരമായ വിപ്ലവം പരാജയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം എത്രകാലം തുടർന്നു കൊണ്ടുപോകുമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് 2024 മേയ് വരെയെന്ന് ടിക്കായത്ത് മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |