ചെന്നൈ: രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെന്ന് തീരുമാനമെടുത്തതിന് പിന്നാലെ അനുയായികൾക്ക് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്ന് വ്യക്തമാക്കി രജനികാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. രജനി മക്കൾ മൺട്രത്തിൽ നിന്ന് രാജിവച്ച് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്ന് മറന്നുപോകരുതെന്നുമാണ് മൺട്രം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.
രജനി മക്കൾ മൻട്രത്തിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാർ കഴിഞ്ഞ ദിവസം ഡി എം കെയിൽ ചേർന്നു. എ ജോസഫ് സ്റ്റാലിൻ (തൂത്തുക്കുടി), കെ സെന്തിൽ സെൽവാനന്ത് (രാമനാഥപുരം), ആർ ഗണേശൻ (തേനി) എന്നിവരാണ് ഡി എം കെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിൻ നേരത്തേ മക്കൾ സേവാ കക്ഷിയെന്ന പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാർട്ടി രജനിക്ക് വേണ്ടി രജിസ്റ്റർ ചെയ്‌തതാണെന്നായിരുന്നു അഭ്യൂഹം.
ആരോഗ്യം മുൻനിർത്തി രജനികാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുളള വഴിയെന്ന നിലയിലാണ് ഡി എം കെയിൽ ചേർന്നതെന്നും ജില്ലാ സെക്രട്ടറിമാർ പറഞ്ഞു. മൺട്രത്തിന്റെ ഐ ടി വിംഗ് നേതാവ് കെ ശരവണൻ, രാമനാഥപുരം ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി എ സെന്തിൽവേൽ, ട്രേഡേഴ്സ് യൂണിയൻ സെക്രട്ടറി എസ് മുരുഗാനന്ദം എന്നിവരും ഡി എം കെയിൽ ചേർന്നു.
ബൂത്ത് കമ്മിറ്റി രൂപീകരണമുൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കിയശേഷം രജനി പിന്മാറിയത് ഒരു വിഭാഗം മൺട്രം ഭാരവാഹികളിൽ അതൃപ്‌തിയുണ്ടാക്കിയിരുന്നു. കൂടുതൽ പേർ വരുംദിവസങ്ങളിൽ മൺട്രം വിട്ടേക്കുമെന്നാണ് സൂചന.
രജനികാന്തിന്റെ പുതിയ നിലപാട് ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മാസങ്ങൾക്കുളളിൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ നേരിട്ടോ പരോക്ഷമായോ ഉളള പിന്തുണയ്‌ക്കായി നീക്കങ്ങൾ നടത്തുകയായിരുന്നു ബി ജെ പി. അധികാരത്തിലിരിക്കുന്ന എ ഐ എ ഡി എം കെയുമായുളള സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി ജെ പിക്ക് രജനിയുടെ പിന്തുണ തമിഴ്‌നാട്ടിൽ ഏറെ വിലപ്പെട്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |