നെടുമ്പാശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷീണറി കോർപ്പറേഷൻ (കാംകോ) നേരിടുന്ന പ്രതിസന്ധിക്ക് ഒരാഴ്‌ചയ്ക്കകം പരിഹാരം കാണുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
'കാംകോയെ വലച്ച് പരിഷ്കാരം: ഉത്പാദനം പാതിയായി" എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി"യിൽ വന്ന വാർത്തയെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. സർക്കാരിന്റെ വ്യവസ്ഥപാലിച്ച് സാധനസാമഗ്രികൾക്ക് ഇ-ടെൻഡർ വിളിക്കണമെന്ന നിർദേശമാണ് കാംകോയ്ക്ക് വിനയായത്. ഇതോടെ, സ്‌പെയർപാർട്‌സുകൾക്ക് ലഭ്യതകുറവുണ്ടാകുകയും ഉത്പാദനം ഇടിയുകയുമായിരുന്നു. പ്രതിസന്ധി മറികടക്കാൻ കാംകോ തയ്യാറാക്കിയ പ്രത്യേക വ്യവസ്ഥകൾ ധനവകുപ്പുമായി ഉടൻ ചർച്ചചെയ്ത് തീരുമാനമെടുക്കും.
കാംകോ നൽകിയ ബദൽ നിർദേശമടങ്ങുന്ന ഫയലിൽ ധനവകുപ്പ് ചില കുറിപ്പുകൾ എഴുതിയതിനാലാണ് പ്രശ്‌നപരിഹാരം നീണ്ടത്. ബദൽ നിർദേശം പൂർണമായും അംഗീകരിക്കണമെന്നില്ല, എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
38 വർഷമായി തുടർച്ചയായി ലാഭത്തിലുള്ള കമ്പനിയാണ് കാംകോ. ടില്ലർ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, പമ്പ് സെറ്റ്, ബ്രഷ് കട്ടർ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂർ യൂണിറ്റുകളിലായി 700 ജീവനക്കാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |