സെയ്ദ് മുഷ്താഖ് ട്രോഫിയിൽ കേരളം ഇന്ന് ഹരിയാനയെ നേരിടുന്നു
മത്സരം ഉച്ചയ്ക്ക് 12 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം
മുംബയ് : ആദ്യ മൂന്ന് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ശേഷം ആന്ധ്രയോട് തോറ്റ കേരളം സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ഹരിയാനയെ നേരിടും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.16 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതുള്ള ഹരിയാനയെ തോൽപ്പിച്ചാലേ കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിൽ കടക്കാനാകൂ.തോറ്റാൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെയും മറ്റ് ഗ്രൂപ്പുകളിലെ ടീമുകളുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ നേരിയ സാദ്ധ്യതയേ ഉള്ളൂ.
ആദ്യ മത്സരത്തിൽ പുതുച്ചേരിയെ ആറുവിക്കറ്റിന് തോൽപ്പിച്ച കേരളം രണ്ടാം മത്സരത്തിൽ മുംബയ്‌യെയും മൂന്നാം മത്സരത്തിൽ ഡൽഹിയെയുംകൂടി ചേസ് ചെയ്ത് കീഴടക്കിയിരുന്നു. എന്നാൽ തുടർന്ന് ഒരു കളിയും ജയിക്കാത്ത ആന്ധ്രയോട് തോറ്റു. ബാന്ദ്രയിലെ നനവാർന്ന പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നതാണ് കേരളത്തിന് തിരിച്ചടിയായത്.
മുഹമ്മദ് അസ്ഹറുദ്ദീന്റെ അതിവേഗസെഞ്ച്വറിയാണ് മുംബയ്ക്കെതിരെ എട്ടുവിക്കറ്റ് വിജയം സമ്മാനിച്ചത്. ഡൽഹിക്കെതിരെ 218 റൺസടിച്ച് ചേസിംഗ് റെക്കാഡും സൃഷ്ടിച്ചു. റോബിൻ ഉത്തപ്പ(91), വിഷ്ണു വിനോദ് (71) എന്നിവരാണ് ഡൽഹിക്കെതിരെ തിളങ്ങിയത്. സഞ്ജു സാംസൺ, ജലജ് സക്സേന,സച്ചിൻ ബേബി,ശ്രീശാന്ത്,ബേസിൽ തമ്പി.കെ.എം ആസിഫ് തുടങ്ങിയ മികച്ച താരങ്ങൾ കേരള നിരയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |