ന്യൂഡൽഹി: ബോളിവുഡ് താരം പങ്കജ് തൃപാഠി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോൺ പ്രൈം വെബ് സീരിസായ 'മിർസാപ്പുറി'നെതിരെ എഫ്ഐആർ. ഉത്തർപ്രദേശിലെ മിർസാപ്പുർ ജില്ലയിലെ മിർസാപ്പുർ പട്ടണത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അരവിന്ദ് ചതുർവേദി എന്നയാളുടെ പരാതിയിന്മേൽ മിർസാപ്പുറിലെ കോട്ട്വാലി ദെഹത് പൊലീസ് സ്റ്റേഷനിൽ സീരിസിനെതിരെ എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടത്.
ആമസോൺ സീരീസിന്റെ നിർമ്മാതാക്കളായ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അഖ്ത്തർ, ഭൗമിക് ഗോണ്ടലിയ എന്നിവർക്കെതിരെയാണ് കേസ്. സീരീസ് സാമൂഹിക മൈത്രി തകർക്കുന്നതാണെന്നും അവിഹിത ബന്ധങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്നും മോശമായ ഉള്ളടക്കമാണ് അതിനുള്ളതെന്നും ഇയാൾ തന്റെ പരാതിയിൽ പറയുന്നുണ്ട്.
സീരീസ് തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ചതുർവേദി പറയുന്നുണ്ട്. എന്നാൽ ചതുർവേദി തന്റെ പരാതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകിയിട്ടില്ല എന്നാണു മിർസാപ്പുർ ദെഹത് എസ്എച്ച്ഒ വിജയ് കുമാർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295എ(ഒരു വിഭാഗത്തിന് മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് മനഃപ്പൂർവ്വമുള്ള വിദ്വേഷ പ്രവൃത്തി), 504(സമാധാനം നശിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അപമാനം വരുത്തിവയ്ക്കൽ, 505(പൊതുശല്യമാകുന്ന പ്രസ്താവനകൾ നടത്തുക), ഐടി ആക്ട് പ്രകാരമുള്ള കുറ്റം എന്നിവ ഉൾപ്പെടുത്തിയാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. മുൻപ് ആമസോൺ പ്രൈമിലെ തന്നെ 'താണ്ഡവ്' എന്ന സീരീസിനെതിരെ സമാന രീതിയിലുള്ള പരാതി ഉയരുകയും കേന്ദ്രം വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |