കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ അമ്മയെ ആശ്വസിപ്പിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂർണമായും ഉണ്ടാവും. മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനങ്ങൾ ഉണ്ടാവും. മന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിക്കും. കുടുംബം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മകൾക്ക് ചികിത്സാസൗകര്യം ലഭ്യമാക്കണമെന്നും മകന് സ്ഥിര ജോലി നൽകണമെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും മന്ത്രി മറുപടി നൽകി. മകളുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് തിങ്കളാഴ്‌ച തന്നെ ചികിത്സ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. സംസ്കാര ചടങ്ങിനുള്ള സഹായധനമായി 50,000 രൂപ കൈമാറി. മകളുടെ ശസ്ത്രക്രിയ അടുത്തദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുമെന്നും ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി വി എൻ വാസവനും അറിയിച്ചിരുന്നു. ആശുപത്രി വികസന സമിതി മകന് താത്കാലിക ജോലി നൽകും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് 11ന് ചേരുന്ന മന്ത്രിസഭായോഗം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |