രാഷ്ട്രീയപരമായി നിഷ്പക്ഷരായിരുന്ന മദ്ധ്യവർഗ കേരള ജനത അതിവേഗം വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇൻഫോക്ലിനിക് സ്ഥാപകരിൽ ഒരാളും ഡോക്ടറുമായ നെൽസൺ ജോസഫ്.
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കേരളത്തിലെ കുടുംബങ്ങളിലേക്ക് പോലും ഇത്തരമതസ്ഥരെ കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള കഥകൾ എത്തുന്നുണ്ടെന്നും ഇത് നുണ പറയുകയും അതാവർത്തികയും ചെയ്യുന്ന ഗീബൽസിയൻ തന്ത്രം തന്നെയാണെന്നും സോഷ്യൽ മീഡിയ വഴി ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ഈ സമയത്ത് സത്യത്തെയും സ്നേഹത്തെയും കുറിച്ച് നാം സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. വർഗീയത പരാതിരുന്നവർ ഇപ്പോൾ അത് പരസ്യമായി പറയുന്ന സാഹചര്യത്തിലാണ് ഒരു വര്ഷം മുൻപെഴുതിയ കുറിപ്പ് താൻ വീണ്ടും പങ്കുവയ്ക്കുന്നതെന്നും നെൽസൺ ജോസഫ് പറയുന്നു.
കുറിപ്പ് ചുവടെ:
'വളരെ ലളിതമാണ്.
നല്ലോണം പേടിപ്പിക്കലുകൾ നടക്കുന്നുണ്ട്.
രാഷ്ട്രീയമായി ഇടപെടാത്ത, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുടുംബങ്ങളിലെ ഗ്രൂപ്പുകളിൽ പോലും കഥകൾ കൃത്യമായി എത്തുന്നുണ്ട്.
ഇതരമതസ്ഥരെക്കുറിച്ച് വിദ്വേഷം തോന്നിപ്പിക്കുന്ന കഥകൾ, അവരുടെ എണ്ണം കൂടിയാൽ അത് നമുക്ക് പ്രശ്നമാണെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ..ഭയം, സംശയം, വെറുപ്പ് ഒക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എല്ലായിടത്തും എല്ലാക്കാലത്തും ഇത്തരം പ്രചരണങ്ങളുണ്ടായിക്കൊണ്ടേയിരുന്നിരുന്നെന്ന് ചരിത്രത്തിലൊന്ന് നോക്കിയാൽ പെട്ടെന്ന് മനസിലാക്കാവുന്നതേയുള്ളൂ..
എന്തിനേറെപ്പറയുന്നു ഇന്നുപോലുമുണ്ട് അത്...അമേരിക്കയിൽ അത് മെക്സിക്കോക്കാരാണ്, ജർമനിയിലന്ന് ജൂതരായിരുന്നു..അങ്ങനെയങ്ങനെ..
നുണ പറയുക, ആവർത്തിക്കുക. അങ്ങനെ സത്യമാണെന്ന് വിശ്വസിപ്പിക്കുകയെന്ന പഴയ ഗീബൽസിയൻ തന്ത്രം തന്നെയാണ്. മറ്റൊന്നുമല്ല.
ചോദ്യം ചെയ്യപ്പെടാൻ ആളില്ലാത്ത ഇടങ്ങളിൽ അതിങ്ങനെ ആവർത്തിക്കപ്പെടുമ്പൊ ചിലരെങ്കിലും വീണുപോവും..
മറുവഴി ഒന്നേ ആലോചിച്ചിട്ട് തെളിയുന്നുള്ളൂ..നമ്മളും പറഞ്ഞുകൊണ്ടേയിരിക്കണം..
നുണകൾ തകർക്കുന്നവർക്ക് കൂടുതൽ വിസിബിലിറ്റി കിട്ടണം..വസ്തുതകൾ പ്രചരിപ്പിക്കപ്പെടണം.
സ്നേഹത്തിൻ്റെ അനുഭവകഥകൾ..
സഹാനുഭൂതിയുടെ സംഭവകഥകൾ..
എത്ര ചെറിയതായിരുന്നാലും ശരി
അത് പറഞ്ഞ് അറിയിക്കേണ്ടിവരുന്നത് ഒരു ദുരവസ്ഥയാണ്. സത്യം തന്നെ.
ജോലി ശ്രമകരമാണ്...വാസ്തവം തന്നെ..
പക്ഷേ മറ്റ് വഴികൾ നമുക്കില്ല.
ഒരു വർഷം മുൻപ് എഴുതിയതാണ്. അന്ന് വർഗീയത പറയാത്തവർ ഇപ്പൊ പരസ്യമായി പറയുന്നെന്ന് ഒരു വ്യത്യാസമുണ്ട്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |