തിരുവനന്തപുരം: കടയ‌്ക്കാവൂർ പോക്‌സോ കേസിൽ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തലുമായി കുറ്റാരോപിതയായ അമ്മ. താൻ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണമെന്നും വാർത്താസമ്മേളനത്തിൽ ഇവർ ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളെ തിരിച്ചുവേണം. തനിക്കുവേണ്ടിയല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കു വേണ്ടിയും ഇതിന്റെ സത്യം പുറത്തുവരണം. ഭീഷണിപ്പെടുത്തിയാണ് മകനെ കൊണ്ട് ഇത്തരത്തിൽ പറയിച്ചത്. അല്ലാതെ ഒരിക്കലും തന്റെ കുഞ്ഞ് അങ്ങനെ പറയില്ലെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് കുട്ടികളെ ദുരുപയോഗം ചെയ്‌തുവെന്ന് സംശയമുണ്ടോ എന്ന ചോദ്യത്തിന്, ഭർത്താവിനെ അല്ല രണ്ടാം ഭാര്യയെയാണ് തനിക്ക് സംശയമെന്ന് ഇവർ വ്യക്തമാക്കി.
കടയ്‌ക്കാവൂരിൽ 13 വയസുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ അമ്മയ്‌ക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് അന്വേഷണത്തിലെ വീഴ്‌ച എണ്ണിയെണ്ണി പറഞ്ഞ ജസ്റ്റിസ് വി.ഷെർസി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |