കോട്ടയം: ഇടുക്കി കാളിയാറിൽ മദ്ധ്യവയസ്കനെഅടിച്ചുകൊന്നു. പ്രതി അറസ്റ്റിൽ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.പാടമട തൊഴിലാളി സജുവാണ് (54) മരിച്ചത്. പ്രതി കണ്ണനെ (74) കാളിയാർ സി.ഐയും സംഘവും ചേർന്ന് പിടികൂടി. നിസാര കാര്യത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് കാരണമെന്നറിയുന്നു.
സത്യൻ എന്നയാളുടെ വാടകവീട്ടിൽ കഴിയുകയായിരുന്നു സജു. ഇതേ വീട്ടിൽ മറ്റൊരു മുറിയിലാണ് കണ്ണനും താമസിച്ചിരുന്നത്. എന്തോ കാര്യത്തെചൊല്ലി രാത്രിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി പറയുന്നു. ഇന്ന് രാവിലെ ആറരയോടെ ഇതേ വീട്ടിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന ജോർജ് എന്നയാളാണ് സജു മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കാളിയാർ പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്ന സജുവിനെയാണ് കണ്ടത്. ഇതിനിടയിൽ കണ്ണൻ മുങ്ങിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാളിയാർ എസ്.ഐയും സംഘവും എത്തിയാണ് പ്രതിയെ പിടികൂടിയത്.
ഭാര്യയെ കൊന്നതിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ആളാണ് കണ്ണനെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളും പാറമടയിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. വഴക്കിനിടെ കാപ്പിക്കമ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് എത്തി കൊവിഡ് പരിശോധനക്ക് ശേഷം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |