തൃശൂർ : പുഴയ്ക്കൽ പാടത്ത് കേരള ലാന്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ(കെ.എൽ.ഡി.സി) കീഴിലുള്ള ബണ്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവ്വേ ആരംഭിച്ചു. ബണ്ട് നിർമ്മാണ സർവ്വേ എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ സർവ്വേ ടീമിൽ ഉൾപ്പെടുത്തും. എം.എൽ.എ റോഡ് മുതൽ പുഴക്കൽ പാലത്തിനടുത്ത് വരെ നാലര കിലോമീറ്ററാണ് ബണ്ട് നിർമ്മിക്കുന്നത്. സർവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കർഷകരുമായി ചർച്ച ചെയ്ത് ഉടൻ പരിഹാരം കാണണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന കാർഷകരുടെ യോഗത്തിൽ നിർദ്ദേശിച്ചു. കളക്ടർ എസ്.ഷാനവാസ്,കെ.എൽ.ഡി.സി എക്‌സിക്യൂട്ടിവ് എൻജിനീയർ പി.കെ ശാലിനി, അയ്യന്തോൾ കൃഷി ഓഫീസർ ശരത് മോഹൻ, തൃശൂർ തഹസിൽദാർ എം.സന്ദീപ്, സൂപ്രണ്ട് എൻജിനീയർ കോർപ്പറേഷൻ ഹൈബി ജോർജ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.
വിളവെടുപ്പിന് ശേഷം ബണ്ട് നിർമ്മാണം
പുഴയ്ക്കൽ പാലത്തിനടുത്ത് കെ.എൽ.ഡി.സി നടത്തുന്ന കനാൽ ബണ്ട് നിർമ്മാണത്തിന്റെ ഭാഗമായി നിലവിൽ കൃഷി നടത്തുന്ന സ്ഥലം ആദ്യഘട്ടത്തിൽ ഒഴിവാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചു. കൊയ്ത്ത് കഴിഞ്ഞതിന് ശേഷമേ ഈ പ്രദേശത്തെ ബണ്ട് നിർമ്മാണം ആരംഭിക്കൂ. കൃഷി ഇല്ലാത്ത ഭാഗത്തെ പ്രവർത്തനങ്ങൾ ആണ് സർവേക്ക് ശേഷം ആരംഭിക്കുന്നത്. നിലവിൽ കർഷകർ പാടശേഖരത്തിൽ വിളവിറക്കിയതിനാൽ കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ബണ്ട് നിർമ്മാണം ആരംഭിച്ചാൽ മതിയെന്ന കർഷകരുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.
പദ്ധതി വിഹിതം 10.58 കോടി
നബാർഡ് പദ്ധതിയുടെ ഭാഗമായി 10.58 കോടി രൂപ ചെലവിലാണ് ബണ്ട് നിർമ്മാണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |