ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം പുരസ്കാരങ്ങളുടെ പുരസ്കാരമാണ് 'പത്മ" ബഹുമതികൾ. ഏതൊരു ഇന്ത്യാക്കാരനും അഭിമാനം കൊള്ളുന്ന ബഹുമതിയാണിത്. നാനാത്വത്തിലെ ഏകത്വമെന്ന ഭാരതീയ ദർശനം പോലെ സർവബഹുസ്വരതകളെയും ഒന്നിപ്പിക്കുന്ന ഏകതയുടെ ആകാശഭൂമികയിലാണ് പത്മപുരസ്കാരങ്ങൾ തിളങ്ങുന്നത്. ഭാരതത്തിന്റെ ആത്മസത്തയിൽ നിന്നും പിറവികൊണ്ട അപൂർവബഹുമതിയാണിത്. അതുകൊണ്ടുതന്നെ ഭാരതീയ ഋഷിത്വത്തിന്റെ പ്രകാശവും പ്രകാശനവും ഈ പുരസ്കാരത്തിനുണ്ട്. രാജ്യം പത്മശ്രീ നല്കിയതിൽ ഞാൻ വ്യക്തിതലത്തിൽ അങ്ങേയറ്റം കൃതാർത്ഥനാണ്.
എന്നാൽ വ്യക്തിതലത്തിനപ്പുറം ഞാൻ ഭാരതത്തിന്റെ പരമോന്നതമായ അദ്ധ്യാത്മസംസ്കാരത്തിന്റെ പ്രകാശനത്തിനായി നിലകൊള്ളുന്ന ഒരു സംന്യാസികൂടിയാണ്. സംന്യാസി എന്നാൽ ത്യാഗി എന്നൊരു നിർവചനം കാലത്തിനൊത്ത് വിളംബരം ചെയ്തത് ആദ്യമായി ഗുരുദേവതൃപ്പാദങ്ങളാണ്. പരോപകാരാർത്ഥം ജീവിതത്തെ അനവരതം ക്രമപ്പെടുത്തുന്നവനാണ് ത്യാഗി. അവിടെ വ്യക്തിപരതയ്ക്ക് പ്രാധാന്യമില്ല. ഇങ്ങനെയൊരു ജീവിതസന്ധാരണത്തിനിടയിലാണ് പത്മശ്രീ പുരസ്കാരം എന്നിലേക്ക് വന്നുചേർന്നത്. പുരസ്കാരലബ്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ന്യായാധിപന്മാർ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സമുന്നതർ, സംന്യാസിശ്രേഷ്ഠന്മാർ, ഗുരുദേവഭക്തന്മാർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ സമസ്തതലങ്ങളിൽപ്പെട്ടവർ നേരിട്ടും അല്ലാതെയും അഭിനന്ദനവും ആശംസയും നേരുകയുണ്ടായി. പുരസ്കാരം ഗുരുകൃപയുടെ കാലാനുരൂപകടാക്ഷമാണെന്നു കണ്ടുകൊണ്ട് ഞാൻ അവർക്കെല്ലാം നന്ദി രേഖപ്പെടുത്തുകയാണ്. നാരായണഗുരുകുലത്തിന്റെ അദ്ധ്യക്ഷനായിരിക്കുന്ന ശ്രീമദ് മുനി നാരായണപ്രസാദ് സ്വാമികളുടെ അഭിനന്ദനോക്തിയെ ഞാൻ ശ്രദ്ധേയമായി കാണുകയാണ്. എന്തെന്നാൽ ഗുരുദേവന്റെ ജ്ഞാനമാർഗ്ഗത്തെ നിരന്തരം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വാമികൾ അഭിനന്ദനോക്തിയിൽ ചില നിർദ്ദേശങ്ങൾ കൂടി മുന്നോട്ടു വച്ചിട്ടുണ്ടെന്നതാണ്. അതിനെയെല്ലാം തന്നെ ഗുരുദർശനത്തെയും അതിന്റെ പ്രായോഗികമാർഗങ്ങളെയും മറയില്ലാതെ തുറന്നിടുവാൻ നിലകൊള്ളണമെന്ന ഓർമ്മപ്പെടുത്തലായി കാണുന്നു. കാരണം തൃപ്പാദങ്ങളുടെ പരമ്പരയിൽ ഒരു കണ്ണിയായി ഇണങ്ങിയപ്പോൾത്തന്നെ എന്റെ നിയുക്തതാബോധത്തെക്കുറിച്ച് ഞാൻ തികച്ചും ബോധവാനായിരുന്നു. ആ ബോധസരണിയാണു എന്നെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുധർമ്മത്തിൽ നിന്നും ഗുരുമാർഗ്ഗത്തിൽ നിന്നും ഗുരുദർശനത്തിൽ നിന്നും വ്യതിചലിക്കുവാനോ വ്യതിചലിക്കുന്നവരെ അതിന് അനുവദിക്കുവാനോ കഴിയുകയില്ല.
അപരാഹ്നത്തിലെ നിഴലുകളെപ്പോലെ എന്തിനെയും തെറ്റിദ്ധരിക്കുകയും വിമർശിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇന്നത്തേത്. അവർ വായിക്കുന്നതിനേക്കാൾ വിമർശിക്കുന്നതിലാണ് ശ്രദ്ധ പുലർത്തുന്നത്. കാണുന്നതിലും കേൾക്കുന്നതിലും വിചാരം നടത്തുന്നതിനേക്കാൾ വിശ്വാസത്തിനാണു മുൻതൂക്കം നല്കുന്നത്. ഇതിലൂടെ അവർ വികാരപരതയ്ക്ക് വേഗം വശംവദരായിത്തീരും. വികാരം ഒരിക്കലും വിവേകത്തെ ഉണ്ടാക്കുകയില്ല. വിവേചനത്തെയാണു ഉണ്ടാക്കുക. വിവേചനത്തിന്റെ മതിലുകൾ മാനവികതയെ ഭേദിക്കുന്നതു കണ്ടിട്ടാണ് ഗുരുദേവൻ നാല്പതാണ്ടത്തെ നിരതിശയമായ കർമ്മകാണ്ഡത്തിനു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തുടക്കമിട്ടത്. ഇത് പലരും കരുതുംപോലെ കേരളീയ നവോത്ഥാനത്തിന്റെ കേവലമൊരു കാഹളം മുഴക്കൽ മാത്രമായിരുന്നില്ല. മറിച്ച് മാനവികതയുടെ വിശ്വാകാശത്തിലേക്കു തുറക്കപ്പെടുന്ന ചിന്തയുടെ ഒരു വാതിൽ സമസ്ത മനുഷ്യരുടെയുള്ളിലും കൊളുത്തിവയ്ക്കുകയായിരുന്നു ഗുരുദേവൻ. ഇരുകൈകളും ചേരുമ്പോൾ വന്ദനമാകുന്നതുപോലെ മനുഷ്യരെ സ്വതന്ത്രമായ ആത്മീയതയിലൂടെ, ആരാധനയിലൂടെ, ഭക്തിയിലൂടെ, ഇഷ്ടദേവതോപാസനയിലൂടെ, ധ്യാനത്തിലൂടെ സോദരത്വത്തിന്റെ മാതൃവന്ദനം നേരുവാനാണ് ഗുരുദേവൻ അരുവിപ്പുറം മുതൽ ഉല്ലല വരെയുള്ള ഓരോ പ്രതിഷ്ഠയിലൂടെയും സ്തോത്രകാവ്യങ്ങളിലൂടെയും മൗനവ്യാഖ്യാനം നല്കുന്നത്. ഇതിലൊന്നും ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അംശമോ അടയാളമോ ഇല്ല. ഇനി ആരെങ്കിലും ഉണ്ടെന്നു പറയുകയാണെങ്കിൽ അത് മുയലിന്റെ കൊമ്പുകൊണ്ടുള്ള കുത്തേറ്റ് ആന ചരിഞ്ഞു എന്നു പറയുന്നതുപോലെയായിരിക്കും. അവാസ്തവികമായതിനെ വാസ്തവികമാക്കുവാനുള്ള മനുഷ്യന്റെ പരിശ്രമത്തിനന്ത്യമില്ല. 'ജാതി എന്നൊന്നില്ല. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുവാൻ മനുഷ്യൻ എത്ര പാടുപെട്ടു' എന്ന ഗുരുവരുൾ ഇതിന്റെ സുവ്യക്ത സൂചനയാണ്.
ഗുരുദേവന്റെ കർമ്മങ്ങൾക്കും വിചാരങ്ങൾക്കും അടിസ്ഥാനമായിരുന്നത് മനുഷ്യത്വമെന്ന നേരു മാത്രമായിരുന്നു. ഏതൊന്നിന്റെയും പേരിനോ പ്രതിഭയ്ക്കോ ആകാരത്തിനോ ആയിരുന്നില്ല ഊന്നൽ. മറിച്ച് ഏതിന്റെയും രസത്തിലായിരുന്നു ഊന്നൽ. കാരണം ഇന്ദ്രിയങ്ങൾക്കു വശപ്പെടാത്ത രസത്തിലാണു ഏതൊന്നിന്റെയും സത്തയിരിക്കുന്നത്. മനുഷ്യന്റെ രസം മനുഷ്യത്വമാണെന്നു നിർവചിച്ച ഗുരുദേവന്റെ ഈ ഊന്നലിലേക്ക് ലോകത്തെ ഉണർത്തിയെടുക്കുവാനുള്ള വലിയ ദൗത്യത്തിന്റെ കാലാകാലനിർവഹണത്തിനാണു ഗുരുദേവൻ ജീവിതസായാഹ്നത്തിൽ സന്യാസിസംഘം രൂപപ്പെടുത്തിയത്. ഈ നിയുക്തതാബോധമാണ് എന്നെ നയിക്കുന്നത്. ഇന്നു ഗുരുവിനെ പിരിച്ചറിയുന്നവർ നാലുപാടും ഏറി വരികയാണ്. അവർ ഗുരുവിന്റെ ഓരോരോ വാക്കിനെയും അടർത്തിയെടുത്തു യഥേഷ്ടം നിർവ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് . ഇത്തരം നിർവചനങ്ങളിലൊന്നും തന്നെ രു (പ്രകാശം) കാണുകയില്ല. ഗു (ഇരുട്ട്) മാത്രമേ കാണുകയുള്ളൂ. കുരുടന്മാർ ആനയെ നിർവചിക്കും പോലെയാണിത്. അനുകൂലിക്കുന്നതിനും പ്രതികൂലിക്കുന്നതിനും ഗുരുവിനെ കൂട്ടുപിടിക്കുന്നവർക്കിടയിൽ ഗുരു വിഭാവനം ചെയ്ത മനുഷ്യരുടെ സമൂഹത്തെ രൂപപ്പെടുത്തുവാനാണ് ധർമ്മസംഘം പരിശ്രമിക്കുന്നത്. അതിനു ഗുരുദർശനത്തിന്റെ വിളക്കുകളായി ശോഭിക്കുന്ന ഗുരുവിന്റെ കൃതികളെല്ലാം തന്നെ ജാതിമതദേശഭാഷാഭേദം കൂടാതെ ഈ ലോകത്തെ ഏതൊരാളിനും വായിക്കാനും പരിചയിക്കാനും സ്വാംശീകരിക്കാനും അവസരമുണ്ടാക്കുവാനുള്ള പരിശ്രമത്തിലാണ് ധർമ്മസംഘം. ശിവഗിരി ടി.വി.ചാനൽ അതിലേക്കുള്ള തുടക്കം മാത്രമാണ്. അതിനായി ലോകത്തെ എല്ലാ പ്രധാനഭാഷകളിലും ഗുരുവിന്റെ ദർശനവും ചിന്തകളുമെത്തിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയും വിവിധ അക്കാഡമികളുടെയും ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പണ്ഡിതസമൂഹത്തിന്റെയും ഒക്കെ സഹായസഹകരണങ്ങൾ തേടും. വൈജാത്യവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് ലൗകികതയും അലൗകികതയും അഥവാ ഭൗതികതയും ആത്മീയതയും ഒന്നിക്കുന്ന ഗുരുദർശനത്തിന്റെ വ്യാപനത്തിലൂടെ മാത്രമേ മനുഷ്യനെ ഒന്നിപ്പിക്കുവാൻ കഴിയൂ. ഗുരുദേവൻ പകർന്നുതന്ന ആ ഒന്നിക്കലിന്റെയും ഒന്നിപ്പിക്കലിന്റെയും തത്ത്വശാസ്ത്രം എല്ലാ മനുഷ്യരിലേക്കും എത്തിക്കുവാനുള്ള എന്റെ സന്യാസകൃത്യനിർവഹണത്തിനു വേഗം പകരാൻ പുരസ്കാരലബ്ധി സഹായകരമായിത്തീരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഈ പത്മശ്രീ പുരസ്കാരം ഗുരുദേവതൃപ്പാദങ്ങളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |