കൊച്ചി : സംസ്ഥാനത്തു നടപ്പാക്കുന്ന സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ, സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി തീർപ്പാക്കി. ഹർജിക്കാരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് നൽകുന്ന 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണമെന്നും നിർദ്ദേശിച്ചു.
കോട്ടയം മുളക്കുളം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് തള്ളിയത്. കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി രേഖപ്പെടുത്തി. വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന പദ്ധതിയുമായി സർക്കാർ തിടുക്കത്തിൽ മുന്നോട്ടുപോവുകയാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പ്രോജക്ട് റിപ്പോർട്ടിൽ റെയിൽവേയും നീതിആയോഗും പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
മാർച്ചിൽ കേന്ദ്രാനുമതി ലഭിച്ചേക്കും: സർക്കാർ
തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന പദ്ധതി നയതീരുമാനമാണ്. 12 മണിക്കൂർ വേണ്ടിവരുന്ന യാത്ര നാലു മണിക്കൂറാക്കി കുറയ്ക്കാൻ കഴിയും. എസ്റ്റിമേറ്റ് തുക 63,941 കോടിയാണ്. നിക്ഷേപത്തിനുമുമ്പുള്ള നടപടികൾക്ക് റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകി. മാർച്ചിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈക്കോടതി പറഞ്ഞത്
സർക്കാരിന്റെ നയതീരുമാനങ്ങളുടെ ഒൗചിത്യവും മേന്മയും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. ചട്ടവും നിയമവും പാലിച്ചിട്ടുണ്ടോയെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നുമാണ് പരിശോധിക്കാനാവുക. നയങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |