പാലക്കാട്: സ്വർണക്കടത്ത് കേസ് അന്വേഷണം നിൽക്കാൻ കാരണം സിപിഎമ്മും ബിജെപിയും തമ്മിലുളള പുതിയ കൂട്ടുകെട്ടെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കത്തെഴുതിയപ്പോൾ കേന്ദ്ര ഏജൻസികൾ വന്നു. രണ്ടാമത് കത്തെഴുതിയപ്പോൾ അന്വേഷണം നിലച്ചു. ഇതോടെ സിപിഎമ്മും ബിജെപിയും തമ്മിലുളള അന്തർധാര എല്ലാവർക്കും ബോദ്ധ്യമായെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് ഇരു പാർട്ടികളും തമ്മിലെ പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണ്.
സ്വർണക്കടത്ത് കേസിന് പുറമേ പിൻവാതിൽ നിയമനത്തിന്റെ പേരിലും സർക്കാരിനെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. മൂന്നുലക്ഷത്തോളം പിൻവാതിൽ നിയമനം നടത്തിയ സർക്കാരാണിത്. സിപിഎമ്മിന്റെ മുൻ എം.പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി നൽകി. എം.എൽ.എമാരുടെയും കമ്മ്യൂണിസ്‌റ്റുകാരുടെയും മക്കൾക്ക് ജോലി നൽകുന്ന സർക്കാരാണിത്. ഒരു കമ്മ്യൂണിസ്‌റ്റ്‌കാരന് ജോലി കിട്ടുന്നതിന് എതിരല്ലെങ്കിലും ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പിൻവാതിലിലൂടെ ജോലി ലഭിക്കുന്നതിനെ എതിർക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമർത്താമെന്ന് കരുതേണ്ട. മണ്ണെണ്ണ സമരത്തെ വിമർശിച്ച ധനമന്ത്രിക്ക് സമരങ്ങളോട് അലർജിയും പുച്ഛവുമാണ്. പ്രതിഷേധിച്ചവരെ സമരജീവികളെന്നാണ് മോദി വിളിച്ചത്. മോദിയും തോമസ് ഐസക്കും തമ്മിൽ എന്ത് വ്യത്യാസമാണുളളതെന്നും പാലക്കാട് വാളയാറിലെ സമരപന്തൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ചെന്നിത്തല ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |