പാലക്കാട്/കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിൽ തുടരുന്ന യുവതിക്ക് ഇന്നലെ രണ്ട് ഡോസ് ആന്റിബോഡിയായ മോണോ ക്ലോണൽ നൽകി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള യുവതിയുടെ ബന്ധുക്കളായ മൂന്നുപേർ രോഗലക്ഷണങ്ങളോടെ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ തുടരുകയാണ്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഇവരുടെ സാമ്പിൾ പരിശോധനാ ഫലം ഇന്നു വന്നേക്കും.
അതേസമയം, യുവതിയുടെ ഭർത്തൃ സഹോദരന്റെ നാല് മക്കളുടെയും യുവതിയുടെ ഒരു മകന്റെയും സാമ്പിൾ പരിശോധനാഫലം നെഗറ്റീവാണ്. ഇതിൽ പനി ബാധിച്ച 10 വയസുകാരൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
സമ്പർക്ക പട്ടികയിൽ 173 പേരാണുള്ളത്. ഇവരെല്ലാം വീടുകളിൽ ക്വാറന്റൈനിൽ തുടരുകയാണ്. തച്ചനാട്ടുകരയിലെ 2,185 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. 165 പേർക്ക് ടെലിഫോണിലൂടെ കൗൺസലിംഗ് സേവനം നൽകി.
പ്രതിരോധ പ്രവർത്തനം:
26 അംഗ കമ്മിറ്റി
നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലയിൽ ഊർജിതമായി തുടരുകയാണ്. പാലക്കാട് മെഡിക്കൽ കോളേജ് ഡോക്ടർമാർ, ജില്ലയിലെ പ്രധാന സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, വിവിധ വകുപ്പിലെ മേധാവികളടക്കമുള്ള 26 അംഗ കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസൊലേഷൻ യൂണിറ്റ് പാലക്കാട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |