തൃശൂർ: 'ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവർത്തിച്ചു"- ഇത്രയും പറഞ്ഞ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ പേരിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് ഒടുവിൽ നീക്കി. ഗുണ്ടാക്രമണം നടന്ന നെല്ലങ്കരയിലെ റോഡിന് കഴിഞ്ഞ ദിവസമാണ് ഇളങ്കോ നഗർ നെല്ലങ്കര എന്ന പേര് നൽകിയത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലും വൈറലായി.
ഇതേത്തുടർന്ന് കമ്മിഷണറുടെ സ്‌നേഹാഭ്യർത്ഥന മാനിച്ചാണ് നാട്ടുകാർ ബോർഡ് മാറ്റിയത്. കമ്മിഷണറുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസാണ് ബോർഡ് മാറ്റാൻ നിർദ്ദേശിച്ചത്.
നെല്ലങ്കരയിൽ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം തമ്മിലടിച്ചശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് വാഹനങ്ങൾ തകർത്തു. എസ്.ഐ അടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.
ഗുണ്ടകളെ കൈകാര്യം ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷമാണ് കമ്മിഷണർ ആർ. ഇളങ്കോയുടെ പേരിൽ പൊലീസ് പോസ്റ്റർ ഇറക്കിയത്.
ജനങ്ങളും പൊലീസുമായുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കണം. മയക്കുമരുന്നിനെതിരെയും ഗുണ്ടകൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യസമയത്ത് പൊലീസിനെ വിവരമറിയിക്കണം. പൊലീസിന്റെ അഭ്യർത്ഥന നാട്ടുകാർ സ്വീകരിച്ചതിന് നന്ദി.
-ആർ. ഇളങ്കോ, സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |