കൊച്ചി: ലാത്തിയടി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വിമർശനമേറ്റ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കം,19ൽ 13 സിറ്റിംഗ് എം.എൽ.എമാരെയും സി.പി.ഐ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറക്കും. മൂന്ന് തവണ മത്സരിച്ച മൂന്ന് മന്ത്രിമാരുൾപ്പെടെ മറ്റ് ആറ് സിറ്റിംഗ് എം.എൽ.എമാരെയാണ് പാർട്ടി മാനദണ്ഡ പ്രകാരം ഒഴിവാക്കുന്നത്.
സഹകരണ ആശുപത്രിയുടെ ഓഹരി പിരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ മൂന്നാം വട്ടവും മത്സരിക്കും. മത്സരിക്കാൻ സംഘടനാ ചുമതലകൾ ഒഴിയണമെന്ന മാനദണ്ഡവും യുവജന, വനിതാ സംഘടനാ ഭാരവാഹികൾക്ക് ബാധകമാക്കില്ല.
മന്ത്രി ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്ട് നിന്ന് വീണ്ടും ജനവിധി തേടും. ചീഫ് വിപ്പ് കെ.രാജൻ (ഒല്ലൂർ), ഇ.കെ. വിജയൻ (നാദാപുരം), ആർ. രാമചന്ദ്രൻ (കരുനാഗപ്പള്ളി), ഡെപ്യൂട്ടി സ്പീക്കർ വി.ശശി (ചിറയൻകീഴ്), ചിറ്റയം ഗോപകുമാർ (അടൂർ), സി.കെ. ആശ (വൈക്കം), ഗീതാ ഗോപി (നാട്ടിക), വി.ആർ. സുനിൽകുമാർ (കൊടുങ്ങല്ലൂർ), ഇ.ടി. ടൈസൺ (കൈപ്പമംഗലം), മുഹമ്മദ് മുഹസിൻ (പട്ടാമ്പി) എന്നിവരും വീണ്ടും മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |