ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ സമാഹരിച്ചത് ആയിരം കോടിയിലധികം രൂപ. സംഭവന നൽകിയവരിൽ മുസ്ലീം സമുദായത്തിന്റെ പങ്കും ചെറുതല്ല. ലക്നൗവിലെ ഓൾ ഇന്ത്യ ഷിയാ യത്തീംഖാനയിലെ സദത്ഗഞ്ച് അനാഥാലയത്തിൽ നിന്നുള്ള എൺപതോളം അനാഥരും, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരും ഒന്നര ലക്ഷത്തിലധികം രൂപയാണ് സംഭാവന നൽകിയത്.
1,100 രൂപ മുതൽ 10,100 രൂപ വരെയാണ് ഓരോരുത്തരും നൽകിയിരിക്കുന്നത്. ഇത് രാജ്യത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുമെന്നും, എല്ലാ മതങ്ങളും ഓരേപോലെയാണെന്നും ലക്‌നൗവിൽ നിന്നുള്ള പന്ത്രണ്ടുകാരനായ ആരിഫ് പറഞ്ഞു.
മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് നൽകുന്ന മറുപടിയാണിതെന്ന് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ പരസ്പര ഐക്യത്തിന്റെ പുതിയ അദ്ധ്യായം കുറിക്കുമെന്ന് ആർ എസ് എസ് എക്‌സിക്യൂട്ടീവ് അംഗം ഡോ. ഇന്ദ്രേഷ് കുമാർ പറഞ്ഞു.
മൂന്ന് ദേശസാൽകൃത ബാങ്കുകളിലാണ്(എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ) ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകൾ ഉള്ളത്. നിലവിൽ ഈ മൂന്ന് അക്കൗണ്ടുകളുടെയും കൂടി ആകെ ബാലൻസ് 1000 കോടി രൂപ കടന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |