പെരുന്ന: ശബരിമല വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തമായതായി എൻഎസ്എസ്. അധികാരത്തിൽ വന്നാൽ വിശ്വാസികൾക്ക് അനുകൂലമായി നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞതിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളതെന്ന് എൻഎസ്എസ് വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് എംഎൽഎ എം വിൻസെന്റ്, വിശ്വാസ സംരക്ഷണത്തിനായി ബിൽ കൊണ്ടുവരാൻ നിയമസഭയിൽ ശ്രമം നടത്തിയിരുന്നുവെന്ന കാര്യം രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ യുഡിഎഫ് നിലപാട് ബോധ്യമായെന്നാണ് എൻഎസ്എസിന്റെ പുതിയപ്രതികരണം.
വിശ്വാസ സംരക്ഷണത്തിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് എം വിൻസെന്റ് എംഎൽഎ സ്പീക്കറോട് അനുമതി തേടിയിരുന്നെങ്കിലും നിഷേധിക്കുകയാണ് ചെയ‌്തത്. തുടർന്നാണ് എൻകെ പ്രേമചന്ദ്രൻ പാർലമെന്റിൽ ബിൽ അവതരണത്തിന് അനുമതി തേടിയത്. അവിടെയും ലഭിക്കാതെ വന്നപ്പോൾ, കേരള നിയമസഭയിൽ ബിൽ കൊണ്ടുവരാനുള്ള ശ്രമം വിൻസെന്റ് വീണ്ടും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചെന്നിത്തലയുടെ ഈ വിശദീകരണത്തോടെ വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് സ്വീകരിച്ച നിലപാടിൽ സന്തോഷമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും, അതിനുപിന്നിൽ ഒരു രാഷ്‌ട്രീയവുമില്ലെന്നും സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |