ന്യൂഡൽഹി:തദ്ദേശീയ പശുശാസ്ത്ര പരീക്ഷ നടത്തണമെന്ന് വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ട് യു ജി സി. ഈമാസം 25ന് പരീക്ഷ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായുളള സ്റ്റഡി മെറ്റീരിയലും യു ജി സി പുറത്തുവിട്ടിട്ടുണ്ട്. തദ്ദേശീയ പശു ഇനങ്ങളുടെ സാമ്പത്തിക, ശാസ്ത്രീയ, കാർഷിക, ആത്മീയ പ്രസക്തികൾ പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗിന്റെ മേൽനോട്ടത്തിലാണ് പരീക്ഷ . സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം മറ്റ് പൗരന്മാർക്കും പരീക്ഷയിൽ പങ്കെടുക്കാം എന്നാണ് റിപ്പോർട്ട്. പരമാവധി വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പ്രേരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പശുവിന്റെ ഗുണഗണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്റ്റഡി മെറ്റീരിയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെയും റഷ്യയിലെയും ആണവകേന്ദ്രങ്ങളിൽ റേഡിയേഷനിൽ നിന്ന് രക്ഷപ്പെടാനുളള കവചമായി പശുവിന്റെ ചാണകം ഉപയോഗിക്കുന്നുണ്ടെന്നും ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ നിരവധി ആളുകൾ രക്ഷപ്പെട്ടത് ചാണകം ഉപയോഗിച്ചതുകൊണ്ടാണെന്നും സ്റ്റഡി മെറ്റീരിയലിൽ പറയുന്നു. പ്രാദേശിക പശുഇനങ്ങളുടെ പാലിലെ മഞ്ഞനിറത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന്റെ അംശമാണെന്നും ഭൂകമ്പം ഉണ്ടാവാൻ കാരണം പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും സ്റ്റഡി മെറ്റീയലിൽ വിവരിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ സ്റ്റഡി മെറ്റീരിയലിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കംചെയ്തിട്ടുണ്ട്. എന്നാൽ മറ്റുഭാഷകളിലെ സ്റ്റഡി മെറ്റീരിയലിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |