തിരുവനന്തപുരം : മാർക്സിസ്റ്റ് സഹയാത്രികനും അദ്ധ്യാപകനുമായ സുനിൽ പി ഇളയിടത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 1998ൽ സംസ്‌കൃതസർവകലാശാലയിൽ മലയാളം ലക്ചറർ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയിൽ കൃത്രിമം കാട്ടിയാണ് ഇളയിടത്തിന് നിയമനംനൽകിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
പിഎച്ച്ഡി, എംഫിൽ, നെറ്റ്, ജെ.ആർ.എഫ് ഉൾപ്പെടെ ഉന്നതബിരുദങ്ങളുള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനിൽ പി. ഇളയിടത്തിന് നിയമനം നൽകിയത് പാർട്ടി പത്രത്തിലെ ജീവനക്കാരനാണ് എന്ന 'അധികയോഗ്യത 'യുടെ അടിസ്ഥാനത്തിലായിരുന്നു.
ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം കോപ്പിയടിയാണെന്നും കേൾക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നു
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് :
വീണുടയുന്ന നവോത്ഥാന വിഗ്രഹം
........ ............
പിണറായി വിജയനു ശേഷം കേരളത്തിലെ നവോത്ഥാനനായകനാര് എന്ന് പിഎസ്സി പരീക്ഷയിൽ ചോദിച്ചാൽ നസീമും ശിവരഞ്ജിത്തും പോലും കോപ്പിയടിക്കാതെ ഉത്തരമെഴുതും,
കാലടി സർവകലാശാലയിലെ സുനിൽ പി ഇളയിടം മാഷാണതെന്ന്.
കേരളത്തിൽ നവോത്ഥാനം കൊണ്ടുവരാൻ ഏറ്റവും മികച്ച അവസരം ശബരിമല സ്ത്രീപ്രവേശനമാണെന്ന് തെക്കുമുതൽ വടക്കുവരെ സിപിഎമ്മിനായി പാടിനടന്നയാളാണ് ഇളയിടം.
ബിജെപിയും സംഘപരിവാറുമാണ് കേരളനവോത്ഥാനത്തിന് തടസം നിൽക്കുന്നതെന്നായിരുന്നു ഇളയിടം പ്രഭാഷണങ്ങളുടെ ചുരുക്കം.
സംഘപരിവാറിന്റെ 'അസഹിഷ്ണുതയ്ക്കും വർഗീയതയ്ക്കുമെതിരെ ' അദ്ദേഹം കത്തിക്കയറുകയായിരുന്നു
കേരളത്തിന്റെ നീതിബോധത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെയും മുന്നണിപ്പോരാളികളാണ് കനകദുർഗയും ബിന്ദുവും എന്നായിരുന്നു ഇളയിടത്തിന്റെ വീക്ഷണം.
പാർട്ടിയിലെ ബുദ്ധിജീവിയായതുകൊണ്ട് വിശ്വാസികളെ തല്ലാൻ അദ്ദേഹം നേരിട്ടിറങ്ങിയില്ല, ആഹ്വാനം ചെയ്തതതേയുളളൂ.
ഹിന്ദുത്വത്തെ നേരിടൽ 'റെട്ടറിക്ക് തലത്തിൽ ' നിന്നും സാമൂഹ്യശാസ്ത്രപരമായ സ്ഥിരീകരണത്തിന്റെ തലത്തിലേക്ക് എത്തേണ്ടതുണ്ടെന്ന സുനിൽമാഷിന്റെ നിരീക്ഷണത്തെ കയ്യടികളോടെയാണ് സഖാക്കൾ സ്വീകരിച്ചത്.
ലെഷെക് കൊളകോവ്സ്‌കിയെയും ഇ.പി തോംസണെയുമൊക്കെ ഇടയ്ക്കിടെ ഉദ്ധരിക്കുന്നത് ശ്രോതാക്കളെ പുളകിതരാക്കി.
മഹാഭാരതത്തെ മാർക്സിസ്റ്റ് വീക്ഷണകോണിൽ അവതരിപ്പിച്ച മഹാനാണ് ഇളയിടം !
ഗുരുദർശനങ്ങളെക്കുറിച്ച് അഗാധജ്ഞാനമാണത്രെ അദ്ദേഹത്തിന്.
പക്ഷേ സുനിൽ പി ഇളയിടമെന്ന കപടവിഗ്രഹത്തിന്റെ യഥാർഥ മുഖം ഇപ്പോൾ വെളിച്ചത്തായി.
പിൻവാതിൽ നിയമനങ്ങളിലെ മുൻഗാമിയാണ് സുനിൽ പി ഇളയിടമെന്ന അഭിനവബുദ്ധിജീവിയെന്ന വിവരം പുറത്തായിരിക്കുന്നു.
1998ൽ സംസ്‌കൃതസർവകലാശാലയിൽ മലയാളം ലക്ചറർ തസ്തികയിലേക്ക് നടന്ന അഭിമുഖ പരീക്ഷയിൽ കൃത്രിമം കാട്ടിയാണ് ഇളയിടത്തിന് നിയമനംനൽകിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പിഎച്ച്ഡി, എംഫിൽ, നെറ്റ്, ജെആർഎഫ് ഉൾപ്പെടെ ഉന്നതബിരുദങ്ങളുള്ള മറ്റു പലരെയും പിന്തള്ളി എം.എ മാത്രമുള്ള സുനിൽ പി ഇളയിടത്തിന് നിയമനം നൽകിയത് ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനാണ് എന്ന 'അധികയോഗ്യത 'യുടെ അടിസ്ഥാനത്തിലായിരുന്നു.
ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന പുസ്തകം കോപ്പിയടിയാണെന്നും കേൾക്കുന്നു.
'മഹാൻമാരെ അടുത്തറിഞ്ഞാൽ മനസിലുള്ള വിഗ്രഹം വീണുപോകുമെന്ന് ' പറയുന്നത് എത്ര സത്യമാണെന്ന് ഇപ്പോൾ ഇളയിടം മാഷിന്റെ മൂത്ത ആരാധകർ പോലും പറയുന്നു. ഹിപ്പോക്രിസിയുടെ കാര്യത്തിൽ ഇളയിടം മൂത്തേടമായി മാറിയിരിക്കുന്നു എന്ന് ചുരുക്കം.
സുനിൽ പി ഇളയിടത്തിനോട് ഒന്നേ പറയാനുള്ളൂ, 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം' എന്നത് താങ്കളുടെ സുഖവും അതുവഴി പാർട്ടിയുടെ സുഖവും എന്നല്ല ഗുരു ഉദ്ദേശിച്ചതെന്നെങ്കിലും അങ്ങ് മനസിലാക്കണം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |