ലക്‌നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു എ പി എ കുറ്റങ്ങൾ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവർക്കെതിരെയാണ് യു എ പി എ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികൾക്ക് സ്‌ഫോടകവസ്‌തുക്കൾ വിതരണം ചെയ്‌തതായി യു പി പൊലീസ് പറഞ്ഞു.
ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകുന്നയാളാണ് ഫിറോസെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളുമായി ലക്‌നൗവിന് സമീപമുളള ക്രൂക്രിയിൽ നിന്ന് ചൊവ്വാഴ്‌ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്‌ക്ക് കൈമാറിയതായും യു പി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ ചിലർ യു പിയിലേക്ക് വരുന്നതായി ഫെബ്രുവരി 11ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന സജീവമാക്കിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇവരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് ചോർന്നുകിട്ടുകയായിരുന്നു. വസന്ത പഞ്ചമി ദിനത്തിൽ ആക്രമണം നടത്താനാണ് തീരുമാനമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |