കൊച്ചി :ആഴക്കടൽ മത്സ്യ ബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറായെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുകയും ബന്ധപ്പെട്ട മന്ത്രിമാർ അതു നിഷേധിക്കുകയും ചെയ്തതിനു പിന്നാലെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.എം.സി.സി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജനു നൽകിയ കത്ത് പുറത്തുവന്നു. കമ്പനി പ്രതിനിധികൾ സെക്രട്ടേറിയറ്റിൽ എത്തി മന്ത്രി മേഴ്സിക്കുട്ടി അമ്മയുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പ്രതിപക്ഷ നേതാവും പുറത്തുവിട്ടു. വിഷയം വിവാദമായതോടെ സർക്കാർ ഒരു കമ്പനിയുമായും ധാരണാപത്രത്തിലോ കരാറിലോ ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.എൻ.സി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
25,000 പേർക്ക് ജോലിയും 5000 കോടിയുടെ നിക്ഷേപവും കണക്കിലെടുക്കണമെന്നാണ് കമ്പനി പ്രസിഡന്റ് ഷിജു എം. വർഗീസിന്റെ ഫെബ്രുവരി 11ലെ കത്തിൽ പറയുന്നത്. ലൈസൻസുകളും അനുമതികളും വേഗത്തിലാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെയുള്ള ഇടപാടുകൾ സംബന്ധിച്ച് കത്തിൽ പരാമർശിക്കുന്നുണ്ട്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി (കെ.എസ്.ഐ.എൻ.സി) 400 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ, അഞ്ച് ആഴക്കടൽ മദർ ഷിപ്പുകൾ, ഏഴ് ഫിഷിംഗ് ഹാർബറുകൾ, പ്രോസസിംഗ് പ്ളാന്റ് എന്നിവ നിർമ്മിക്കാൻ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പുവച്ചു. പദ്ധതിയുടെ കൺസൾട്ടസിയായി വിർഗോ അക്വാ എൻജിനീയറിംഗ് കൺസൾട്ടൻസിയുമായി ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പുവച്ചു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾക്ക് ഒരു ആഴക്കടൽ ട്രോളർ സൗജന്യമായി നൽകുമെന്ന് കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് നായർ പിന്നീടു വ്യക്തമാക്കിയിരുന്നു.
കത്തിലുണ്ട് നാൾവഴി
2018: ഏപ്രിലിൽ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയുമായി ന്യൂയോർക്കിൽ ചർച്ച
2019: ജൂലായിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച
2019: ആഗസ്റ്റ് രണ്ടിന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിശദമായ കുറിപ്പ്
2020: ഫെബ്രുവരിയിൽ കൊച്ചി അസന്റ് ഗ്ളോബൽ മീറ്റിൽ ധാരണാപത്രം
2020: ഒക്ടോബർ 30 ന് സീഫുഡ് പ്രോസസിംഗ് സെന്ററിനായി പള്ളിപ്പുറം കെ.എസ്.ഐ.ഡി.സി മെഗാ ഫുഡ് പാർക്കിൽ സ്ഥലത്തിന് അപേക്ഷ
2021: ഫെബ്രുവരി മൂന്നിന് നാലേക്കർ സ്ഥലം അനുവദിച്ചു.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു വിദേശ കമ്പനിയെയും സ്വദേശ കമ്പനിയെയും കൊണ്ടുവരാനുദ്ദേശിക്കുന്നില്ല.
പിണറായി വിജയൻ
മുഖ്യമന്ത്രി
അമേരിക്കയിൽ വച്ച് ആരുമായും കരാറിൽ ഒപ്പിടുകയോ ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. മത്സ്യനയം തിരുത്തിയിട്ടില്ല.
-മേഴ്സിക്കുട്ടി അമ്മ,
ഫിഷറീസ് വകുപ്പ് മന്ത്രി
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ളതും മുൻ ചീഫ്സെക്രട്ടറി ടോം ജോസ് ചെയർമാനുമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കമ്പനി കരാർ ഒപ്പിടുന്നത് ഈ മാസം രണ്ടിനാണ്. ഇക്കാര്യം മുഖ്യമന്ത്രി അറിയാതെ പോവില്ല.
രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്
മത്സ്യബന്ധന ധാരണാപത്രത്തിൽ
സർക്കാരിന് പങ്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെയും ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിയുമായി ധാരണാപത്രത്തിലോ കരാറിലോ ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പിന്നീടാണ് സർക്കാരിന്റെ പരിഗണനയ്ക്കെത്തുക. അപ്പോഴാണ് നിയമപരവും നയപരവുമായ പരിശോധനകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് രണ്ടുപേർ വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകിയത് ഈ മാസം 11നാണ്. ഫിഷറീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റിൽ സർക്കാരുമായി സഹകരിക്കാൻ അസെൻഡ് നിക്ഷേപകസംഗമത്തിൽ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അത് മന്ത്രിസഭ അംഗീകരിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. സാധാരണഗതിയിൽ അത് മന്ത്രി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. ആ നിവേദനത്തിലെ ഉള്ളടക്കമാണിപ്പോൾ കരാറെന്ന നിലയിൽ പ്രചരിക്കുന്നത്. അതെങ്ങനെ പ്രതിപക്ഷനേതാവിന്റെ കൈയിൽ അതേപടിയെത്തി എന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അതുമായി ബന്ധപ്പെട്ടെന്ത് നടന്നുവെന്നും പിന്നീട് വ്യക്തമാകുമായിരിക്കും. ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി പ്രശാന്ത് മുൻപ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നതിനാലാവാം അദ്ദേഹത്തെ ഫിഷറീസ് മന്ത്രി സംശയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രിയെ ന്യൂയോർക്കിൽ കണ്ടുവെന്നത് തെറ്റായ പ്രചാരണമാണ്. അവർ പോയത് യു.എന്നിന്റെ ചടങ്ങിൽ പങ്കെടുക്കാനാണ്. സെക്രട്ടേറിയറ്റിൽ വച്ച് അവരെ കണ്ടതായി പറയുന്നുണ്ട്. പല കാര്യങ്ങൾക്കായി പലരും പല ഓഫീസുകളിലേക്കും വരും. പല മന്ത്രിമാരെയും കാണും. പക്ഷേ, നമ്മൾ തുടർന്നുവരുന്ന നയത്തിനനുസരിച്ചേ കാര്യങ്ങൾ നടക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.സി.സിയുമായി കരാറില്ല,
കത്തുമാത്രം:വിജയരാഘവൻ
കോഴിക്കോട്: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി സർക്കാർ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ഥാപനം കത്ത് നൽകിയപ്പോൾ അത് പരിശോധിക്കാൻ നിർദ്ദേശിച്ചുവെന്നേയുള്ളൂ. ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടില്ല. അതേസമയം, മത്സ്യബന്ധനമേഖല നവീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നടക്കാത്ത കാര്യം ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ സമരം തുടരുന്നത്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം അസാദ്ധ്യമാണ്. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ സി.പി.എം നിർദ്ദേശിച്ചിരുന്നോ എന്ന ചോദ്യത്തിൽ നിന്നു വിജരാഘവൻ ഒഴിഞ്ഞുമാറി.
സമരം ഏശുന്നില്ലെന്ന് കണ്ടപ്പോൾ അക്രമം അഴിച്ചുവിടുകയാണ്. ഗൂഢാലോചനയില്ലാതെ അക്രമസമരങ്ങൾ നടക്കില്ല.
വർദ്ധിത ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറുന്ന സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞു. 2016-ലേതിനേക്കാൾ ശക്തമായ നിലയിലാണ് ഇടതുപക്ഷം. യു.ഡി.എഫ് വിട്ട് കേരള കോൺഗ്രസ് എമ്മും എൽ.ജെ.ഡിയും ഇടതു മുന്നണിയിലെത്തി.
വാർത്താസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. മുഹമ്മദ് റിയാസും സംബന്ധിച്ചു.
മന്ത്രി നടത്തിയ ചർച്ചയ്ക്ക് തെളിവായി
ചിത്രം പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിക്ക് തീറെഴുതിയെന്ന ആരോപണത്തിൽ, ബഹുരാഷ്ട്ര കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുമായി ചർച്ച നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംശയത്തിന്റെ സൂചിമുന ഇവിടെയും മുഖ്യമന്ത്രിയിലേക്കാണെന്നും ചെന്നിത്തല ആരോപിച്ചു.
തന്റെ ആരോപണം മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മയും ഇ.പി. ജയരാജനും നിഷേധിച്ചതിന് പിന്നാലെയാണ് വാർത്താസമ്മേളനത്തിൽ പുതിയ ആരോപണങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.
ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി 2019 ആഗസ്റ്റ് മൂന്നിന് സമർപ്പിച്ച കൺസെപ്റ്റ് നോട്ടിലും 2019 ആഗസ്റ്റ് രണ്ടിന് ഇ.എം.സി.സി പ്രസിഡന്റ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിലും മന്ത്രി മേഴ്സിക്കുട്ടി അമ്മ ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സിയുമായി നടത്തിയ ചർച്ചയാണ് പദ്ധതിക്കാധാരമെന്ന് പറയുന്നു. മന്ത്രി ഇനിയും നിഷേധിച്ചാൽ ന്യൂയോർക്കിൽ ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടും.
ആ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഫിഷറീസ് നയത്തിൽ 2019ജനുവരിയിൽ മാറ്രം വരുത്തിയത്. ജൂലായിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി കമ്പനി ചർച്ച നടത്തി. ആഗസ്റ്റ് രണ്ടിന് ഡീറ്റെയ്ൽഡ് കൺസെപ്റ്റ് ലെറ്റർ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് കൊച്ചിയിലെ അസെന്റിൽ വച്ചാണ് 5000കോടിയുടെ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് നാലേക്കർ സ്ഥലമനുവദിച്ച് കെ.എസ്.ഐ.ഡി.സി ഉത്തരവായത്.
400 ആഴക്കടൽ ട്രോളറുകളും അഞ്ച് ആഴക്കടൽ മത്സ്യബന്ധന കപ്പലുകളും ഏഴ് മത്സ്യബന്ധന തുറമുഖങ്ങളും സംസ്കരണപ്ലാന്റും സംബന്ധിച്ച എം.ഒ.യുവിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇ.എം.സി.സി കരാർ ഒപ്പിടുന്നത് ഈ മാസം രണ്ടിനാണ്. ഇതെല്ലാം നടന്നിട്ടാണ് ഒരു പദ്ധതിയുമില്ലെന്നും ഒന്നുമറിഞ്ഞില്ലെന്നും ഫിഷറീസ്, വ്യവസായ മന്ത്രിമാർ പറയുന്നത്.
ആരോപണം ഗൂഢാലോചന: മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം: അമേരിക്കൻ കമ്പനിയ്ക്ക് കടൽ തീറെഴുതുന്നുവെന്ന ആരോപണം ഉന്നതതല ഗൂഢാലോചനയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
സമുദ്രോത്പന്ന സംഭരണവും സംസ്കരണവും കയറ്റുമതിയും ഒരു കുടക്കീഴിലാക്കാൻ വ്യവസായവകുപ്പ് കെ.എസ്.ഐ.ഡി.സിയുടെ മേൽനോട്ടത്തിൽ ആലപ്പുഴയിലെ പള്ളിപ്പുറത്ത് ആരംഭിച്ചതാണ് മെഗാ മറൈൻ ഫുഡ്പാർക്ക്. 130 കോടി രൂപ ചെലവിൽ 68 ഏക്കറിലുള്ള പാർക്കിന്റെ 98 ശതമാനം നിർമ്മാണവും പൂർത്തിയായി.
ഇ.എം.സി.സി കമ്പനി 2020 ഒക്ടോബർ 30 ന് സ്ഥലം അനുവദിക്കാൻ അപേക്ഷ തന്നു. 2021 ഫെബ്രുവരി 3 ന് 4 ഏക്കർ അനുവദിക്കാമെന്ന കത്ത് കമ്പനിക്ക് കെ.എസ്.ഐ.ഡി.സി നൽകി. ഏക്കറിന് 1.37 കോടിയാണ് 30 വർഷത്തേക്കുള്ള പാട്ടത്തുക. പാട്ടത്തുകയുടെ 20 ശതമാനം ആദ്യം അടയ്ക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. കമ്പനി പണം അടയ്ക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ ഫുഡ് പാർക്കിൽ 30 പേർക്ക് ഭൂമി അനുവദിച്ചു.
2021 ഫെബ്രുവരി 11ന് ഇ.എം.സി. സി പ്രതിനിധികളെന്ന് പറഞ്ഞ് രണ്ടുപേർ ഓഫീസിലെത്തി. അസൻഡിൽ ഒപ്പുവച്ച ധാരണാപത്രത്തിന് സർക്കാർ അംഗീകാരം തരണമെന്ന നിവേദനവും തന്നു. അതു പരിശോധനയ്ക്കായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. അതിലെ ഉള്ളടക്കമാണ് എഗ്രിമെന്റ് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് തരം താഴരുതെന്ന് മേഴ്സിക്കുട്ടിഅമ്മ
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷനേതാവ് തരംതാഴരുതെന്നും പദവിക്കനുസരിച്ച് ഉത്തരവാദിത്വം കാണിക്കണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. കൊല്ലം പ്രസ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അമേരിക്കയിൽ പോയത് യുണൈറ്റഡ് നേഷന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടാണ്. അവിടെവച്ച് ആരുമായും കരാറിൽ ഒപ്പിടുകയോ ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാന സർക്കാരിന്റെ മത്സ്യനയം ഒരുഘട്ടത്തിലും തിരുത്തിയിട്ടില്ലെന്നും അതിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
യാനങ്ങളുടെ എണ്ണം നിജപ്പെടുത്തുകയും വലക്കണ്ണികളുടെ വലുപ്പം, നീളം എന്നിവയുടെ അടിസ്ഥാനത്തിൽ വലനിർമ്മാണം നിയന്ത്രിക്കുകയും യാനങ്ങൾക്ക് ഹോളോഗ്രാം രജിസ്ട്രേഷൻ, കാലഹരണപ്പെട്ടവയ്ക്ക് പകരം സംവിധാനം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ലൈസൻസ് നിജപ്പെടുത്തുന്നതാണ് മത്സ്യനയം.
വിദേശികളുമായി മത്സ്യബന്ധനം നടത്തുന്ന തരത്തിൽ ആനിമേഷൻ വിഡിയോകൾ ചില ചാനലുകളിൽ വന്നിരുന്നു. ആ കലാസൃഷ്ടിയെ അംഗീകരിക്കുന്നു. പക്ഷെ വ്യക്തിപരമായി വേദനിപ്പിക്കുന്നവ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ
ഒത്താശയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ അന്തർദ്ദേശീയ ശക്തികൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഇ.എം.സി.സി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിക്ക് നമ്മുടെ മത്സ്യമേഖലയേയും കടലിനേയും തീറെഴുതി. ഇതിനായി 5000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടശേഷമാണ് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ജനങ്ങളുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചപ്പോൾ അസംബന്ധം എന്ന് തള്ളിപ്പറഞ്ഞ മന്ത്രിമാർക്ക്, തെളിവുകൾ ഓരോന്നായി പുറത്തു വന്നപ്പോൾ ഇ.എം.സി.സി അധികൃതരുമായി ചർച്ച നടത്തിയെന്ന് സമ്മതിക്കേണ്ടി വന്നു. കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമിയും അനുവദിച്ചത്. ഇതിലൂടെ സർക്കാർ കോടികളുടെ അഴിമതിക്കാണ് കളമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |