ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാ അവകാശ നിയമപ്രകാരം ഭർത്താവിന്റെ പിൻഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തിൽ ഭാര്യയുടെ ബന്ധുക്കൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി.
ഹരിയാനയിലെ ജഗ്‌നോ എന്ന സ്ത്രീയുടെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
'ബദലു' എന്നയാൾക്ക് ബാലിരാം, ഷേർ സിംഗ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ്. ഇതിൽ ഷേർ സിംഗിന്റെ ഭാര്യയാണ് ജഗ്‌നോ. ഷേർ സിംഗ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഭാര്യ ജഗ്നോയുടെ പേരിലായി. മക്കളില്ലായിരുന്ന ജഗ്‌നോയാകട്ടെ ഈ സ്വത്ത് തന്റെ സഹോദരന്റെ മക്കൾക്ക് എഴുതി നൽകി. ഇതിനെതിരെ ഷേർസിംഗിന്റെ സഹോദരൻ ബാലിരാമും മക്കളും കീഴ്ക്കോടതിയെ സമീപിച്ചു. വിധവയായ സ്ത്രീക്ക് ഭർത്താവിന്റെ സ്വത്തിലുള്ള അവകാശം കൈമാറാൻ പാടില്ല, കൈമാറിയാൽ തന്നെ ഭർത്താവിന്റെ കുടുംബത്തിൽപ്പെട്ടയാൾക്കോ മക്കൾക്കോ മാത്രമേ നൽകാനാകുവെന്നാണ് ഇവർ വാദിച്ചത്. കീഴ്ക്കോടതികൾ കേസ് തള്ളിയയോടെ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ 15 (1) (ഡി) പ്രകാരം സ്വത്തിൽ ഹിന്ദു സ്ത്രീയുടെ കുടുംബാംഗങ്ങൾക്കും അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |